ഈ റോഡ് ഇനി റെയിൽവേ സ്റ്റേഷനെ രണ്ടായി മുറിക്കില്ല; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കാസർകോട്: റെയിൽവേ സ്റ്റേഷനെ പകുത്ത് പ്ലാറ്റ്ഫോമുകൾക്ക് നടുവിലൂടെ ഒരു റോഡ്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലാണ് ഈ അപൂർവത. റെയിൽവേ പ്ലാറ്റ്ഫോം മുറിച്ച് പ്രധാന റോഡ് കടന്നുപോകുന്ന കേരളത്തിലെ ഏക സ്റ്റേഷൻ ആണിത്.
രണ്ടുപതിറ്റാണ്ടായി ഈ ക്രോസിങ്ങിന്‍റെ ദുരിതം അനുഭവിക്കുകയാണ് നാട്ടുകാര്‍. ഗേറ്റടച്ചാൽ ഗതാഗതക്കുരുക്ക് പാലക്കുന്ന് ടൗൺ വരെ നീളും. എന്നാല്‍ ഈ ദുരിതത്തിന് അറുതിയാവുകയാണ്. ഇനി ഈ റോഡ് റെയിൽവേ സ്റ്റേഷനെ രണ്ടായി മുറിക്കില്ല.
രണ്ട് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് കാസർകോട് കോട്ടിക്കുളം റെയിൽവേ മേൽപ്പാലം ഒടുവില്‍ യാഥാർഥ്യമാകുന്നു. വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 44.12 കോടി രൂപ മേൽപ്പാലത്തിനായി വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരും കേന്ദ്രവും തുല്യമായി ചെലവ് വഹിക്കും. 265 മീറ്റർ നീളത്തിലും ഏഴരമീറ്റർ വീതിയിലും രണ്ടുവരി പാതയായാണ് മേൽപ്പാലം നിർമിക്കുക.
വർഷങ്ങൾക്ക് മുൻപ് തന്നെ ഭൂമി ഏറ്റെടുത്തെങ്കിലും റെയിൽവേയുടെ നിർമാണ അനുമതി ലഭിക്കാത്തതായിരുന്നു തടസം. മേല്‍പ്പാലത്തില്‍ നടപ്പാതയ്ക്കും സൗകര്യമുണ്ടാകും. മേൽപ്പാലം നിർമാണത്തിന് കിഫ്ബി തുക അനുവദിച്ചിട്ടുണ്ട് (Modi Inaugrates Kasaragod Kottikulam Railway Flyover).
കാലാകാലങ്ങളായി നാടിനെ പ്രതിനിധീകരിച്ച എംപിമാരും, എംഎൽഎമാരും, വിവിധ കക്ഷിനേതാക്കളും, പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതിയുമെല്ലാം മേൽപ്പാലം യാഥാർഥ്യമാക്കാൻ പലവട്ടം ഇടപെട്ടിരുന്നു. ഒടുവിലിപ്പോഴാണ് ആ കാത്തിരിപ്പിന് അവസാനമാകുന്നത്.