കാസർകോട്: മണ്ണിനടിയിലെ പ്രകൃതിദത്ത ഖനിയായ 'ബോക്സൈറ്റ്' കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. കേരളത്തിൽ കാസർകോടും കണ്ണൂരിലുമാണ് ബോക്സൈറ്റിന് സാധ്യതയുള്ളതായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. കാസർകോട് ജില്ലയിൽ ഇതിനായുള്ള പരിശോധനകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.
സാമ്പിളുകൾ ശേഖരിച്ച് പഠന വിധേയമാക്കും. സാമ്പിളിന്‍റെ ഫലം അറിയാൻ മൂന്നോ നാലോ മാസം എടുത്തേക്കും. കാസർകോട്ടെ രണ്ട് മേഖലകളിലാണ് ബോക്സൈറ്റ് ഖനനം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി സംസ്ഥാന ജിയോളജി ആൻഡ് മൈനിങ് ഡയറക്‌ടറേറ്റിന്‍റെ നേതൃത്വത്തിൽ തുരന്നു പരിശോധന ആരംഭിച്ചു.
ഉക്കിനടുക്ക ബ്ലോക്കിൽ ഉൾപ്പെടുന്ന മഞ്ചേശ്വരം താലൂക്കിലെ ബദിയടുക്ക, എൻമകജെ ഗ്രാമങ്ങളിലെ 2.8 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്ന സ്ഥലത്താണ് പരിശോധന തുടരുന്നത്. ജില്ലാ ജിയോളജി വകുപ്പിനാണ് പരിശോധനയുടെ മേൽനോട്ടം. പരിശോധനയിൽ ബോക്സൈറ്റ് സാന്നിധ്യം കണ്ടെത്തിയാലും ഭൂപ്രദേശം പഠന വിധേയമാക്കിയതിന് ശേഷം മാത്രമേ ഖനനം നടത്തുകയുള്ളൂവെന്ന് മൈനിങ് ആൻഡ് ജിയോളോജി വകുപ്പ് അഡിഷണൽ ഡയറക്‌ടർ കിഷോർ ഇടിവി ഭാരതിനോട് പറഞ്ഞു.
പ്രകൃതിയെയും പ്രദേശവാസികളെയും സംരക്ഷിച്ചുകൊണ്ടാകും നടപടി സ്വീകരിക്കുക. കൂടാതെ ലാഭകരമെന്നു കണ്ടെത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം അഡിഷണൽ ഡയറക്‌ടർ കാസർകോട് എത്തും. ഉക്കിനടുക്ക ബ്ലോക്കിനു പുറമേ മുള്ളേരിയയിലെ 1.5 ചതുരശ്ര കിലോമീറ്റർ സ്ഥലം ഉൾപ്പെടുന്ന നാർളം ബ്ലോക്കിലും ബോക്സൈറ്റ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു.
മുള്ളേരിയ ഉൾപ്പെടുന്ന നാർളം ബ്ലോക്കിൽ നിന്ന് 0.2113 ദശലക്ഷം ടൺ ഹൈ ഗ്രേഡ് ബോക്സൈറ്റും 5.1417 ദശലക്ഷം ടൺ അലുമിനിയം ലാറ്ററൈറ്റും ലഭിക്കുമെന്നാണു കരുതുന്നത്. ഇവിടെ ഖനനം സാമ്പത്തികമായി ലാഭകരമാണെന്നാണു വിലയിരുത്തൽ. ബദിയടുക്ക, എൻമകജെ എന്നിവ ഉൾപ്പെടുന്ന ഉക്കിനടുക്ക ബ്ലോക്കിൽ സിമന്‍റ് ഗ്രേഡ് ബോക്സൈറ്റ് ലഭ്യമാണെന്നാണു സൂചന. സിമന്‍റ് ഫാക്‌ടറികൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ) നടത്തിയ പഠനങ്ങളിൽ വാണിജ്യപരമായി പര്യവേക്ഷണം ചെയ്യാവുന്ന തരത്തിൽ ധാതുക്കളുടെ സാന്നിധ്യം കാസർകോട്ടെ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷണത്തിനു തുടർച്ചയായാണ് സംസ്ഥാന ജിയോളജി വകുപ്പും പരിശോധന നടത്തുന്നത്. ഇതിനു ശേഷം ഖനനത്തിന് ലേലം ചെയ്യുന്നതിനുള്ള നീക്കം സംസ്ഥാന സർക്കാർ ആരംഭിക്കും.
സർക്കാർ ഏജൻസികൾക്കും സ്വകാര്യ കമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാം. സ്വകാര്യഭൂമിയിലും കാടകം റിസർവ് ഫോറസ്റ്റിന്‍റെ അകത്തും ആയാണ് നാർളം ബ്ലോക്കുൾപ്പെടുന്ന മുള്ളേരിയയിലെ ഖനന മേഖല. ഇതു വനംവകുപ്പിന്‍റെ അക്കേഷ്യ തോട്ടമാണ്. അതേസമയം എൻമകജെ, ബദിയടുക്ക പ്രദേശങ്ങൾ ഉൾപ്പെടുന്ന ഉക്കിനടുക്ക ബ്ലോക്കിൽ സർക്കാരിന്‍റെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി ഉൾപ്പെടുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജില്ലയിൽ ഉക്കിനടുക്കയും മുള്ളേരിയയും അല്ലാതെ വേറെയും സ്ഥലങ്ങളിൽ ബോക്സൈറ്റ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ജിയോളജി വകുപ്പിന്‍റെ സർവേ പൂർത്തിയായാൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേതൃത്വം നൽകുന്ന ഉന്നതതല സമിതിയാണ് ലേലനടപടികൾക്കു നേതൃത്വം നൽകുക. കണ്ണൂരിൽ നിലവിൽ പരിശോധന ആരംഭിച്ചിട്ടില്ല. ഉടൻ തുടങ്ങുമെന്നാണ് സൂചന.