എറണാകുളം:കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെതിരെ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന വിവരവും ഇതേ കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഇഡി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്.
സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്കിൻ്റെ നിയമങ്ങൾ ലംഘിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ ആരോപണം. ഈ അക്കൗണ്ടുകൾ വഴി നിയമ വിരുദ്ധമായി ബിനാമി വായ്‌പകൾ അനുവദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഓഡിറ്റിൽ നിന്ന് ഈ അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചുവെന്നും ഇഡി വ്യക്തമാക്കുന്നു.
ഇതിനു പുറമെ തൃശൂർ ജില്ലയിൽ ദുരൂഹമായ നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇഡി ചൂണ്ടികാണിക്കുന്നു. നിയമ വിരുദ്ധമായി തുടങ്ങിയ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു.
ALSO READ:'10 മണിയായി, ബാക്കി കാര്യങ്ങള്‍ പിന്നീട്...' കരുവന്നൂര്‍ തട്ടിപ്പ്, ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി - Karuvannur Case ED Probe
അതേസമയം ഈ വിവരങ്ങൾ കേന്ദ്ര ധന മന്ത്രാലയത്തിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്. നേരത്തെ തന്നെ കരുവന്നൂർ കേസിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടും ഇടപാടുകളും ഉണ്ടെന്ന ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്‌താവനയുടെ തുടർച്ചയായി ഉണ്ടായ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന വിമർശനവും ഉയരുന്നുണ്ട്.