കാസർകോട്:കർണാടക ഉള്ളാൽ കൊട്ടേക്കർ സഹകരണ ബാങ്കിൽ തോക്ക് ചൂണ്ടി കൊള്ള നടത്തിയ അന്വേഷണം കേരളത്തിലേക്കും. കവർച്ചാ സംഘം തലപ്പാടി ടോൾ ഗേറ്റ് കടന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിച്ചെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
മോഷ്‌ടാക്കൾ എത്തിയത് മൂന്ന് വാഹനത്തിൽ ആണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കവർച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മോഷ്‌ടാക്കളുടെ വാഹനം തലപ്പാടി ചെക്ക് പോസ്റ്റ് കടന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിച്ചു എന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിൽ ഉൾപ്പെട്ട ഹൊസങ്കിടി മേൽപ്പാലം വരെ പ്രതികളുടെ വാഹനം വ്യക്തമായെന്നും അന്വേഷണ സംഘം പറയുന്നുണ്ട്. പക്ഷേ അതിനു ശേഷം വാഹനം എങ്ങോട്ട് പോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കവർച്ചാസംഘം എത്തിയ ഫിയറ്റ് കാറാണ് തലപ്പാടി ചെക്ക്പോസ്റ്റ് പിന്നിട്ട് കേരളത്തിലേക്ക് എത്തിയത്.
ഇവർ ഉപയോഗിച്ച ഫോർട്യൂണർ ഉൾപ്പെടെയുള്ള മറ്റ് രണ്ട് കാറുകളെ കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല. ഫിയറ്റ് കാറിലെ അഞ്ചു പേരോടൊപ്പം മറ്റു കാറുകളിൽ നാല് പേർ കൂടി കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
കേരളത്തിലേക്ക് കടന്ന മോഷ്‌ടാക്കൾ ഹൊസങ്കിടി - മിയാപദവ് - ആനക്കൽ വഴി തിരികെ കർണാടകത്തിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫിയറ്റ് കാറിന്‍റെ കർണാടക നമ്പർ വ്യാജമെന്നും വാഹനം മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ആണെന്നുമാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
Also Read:മൂക്കിനിടിച്ച് വീഴ്‌ത്തി, കൂറുമാറുമെന്ന് ഭയന്ന് കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയതായി പരാതി; കൂത്താട്ടുകുളത്ത് നാടകീയ രംഗങ്ങള്‍