കണ്ണൂര്‍:പിവി അൻവറിന് പിന്തുണയുമായി കാരായി രാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത്. കാരായി രാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അൻവറും ഷെയർ ചെയ്‌തു. പിവി അൻവറിന്‍റെ വിവാദം തുടങ്ങിയത് മുതൽ അൻവർ ഒറ്റയ്ക്കല്ലെന്ന നിരീക്ഷണം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.
കണ്ണൂരിലെ തന്നെ ഉന്നത നേതാവാണ് അന്‍വറിന് പിന്നിലെന്നും അത് പി.ജയരാജൻ ആണെന്ന സൂചനയും പുറത്ത് വന്നിരുന്നു. തുടര്‍ന്ന് പി ജയരാജന് പിന്തുണ അറിയിച്ച് റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പും രംഗത്തെത്തി. എന്നാല്‍ ഇതെല്ലാം പി.ജയരാജന്‍ നിഷേധിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം ശരിവയ്ക്കുന്നതാണ് കാരായി രാജന്‍റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. 'ഞങ്ങൾക്ക് ആഭ്യന്തര വകുപ്പിൽ ഉറച്ച വിശ്വാസമുണ്ട്. അത് സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടിയാണ്. എന്നാൽ ചില പുഴുക്കുത്തുകൾ എവിടെയുമുണ്ടാകും. അത് സമൂഹത്തിലും ബാധകമാണ്.
ഭരണകൂട സംവിധാനത്തിൻ്റെ ഇടങ്ങളിൽ പ്രത്യേകിച്ചും പുഴുക്കുത്തുകൾ ഉണ്ടാകും. ഉപ്പ് തിന്നവർ വെള്ളം കുടിക്കുകയും ശിക്ഷയേറ്റ് വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള എൻ്റെയും വിശ്വാസമാണ്, തീർച്ചയാണ്, അനിവാര്യമാണ്'- എന്നാണ് സെക്രട്ടേറിയറ്റ് അംഗം കൂടിയായ കാരായി രാജന്‍ എഫ്‌ബി പോസ്റ്റില്‍ കുറിച്ചത്.