കേരളം

kerala

ETV Bharat / state

ഇടപാടുകാര്‍ക്ക് മുട്ടന്‍ പണി; കോടികളുമായി മുങ്ങി ചിട്ടിക്കമ്പനി ഉടമകള്‍, 'കാരാട്ട് കുറീസി'ന്‍റെ തട്ടിപ്പിനിരയായി നിക്ഷേപകര്‍ - KARATT CURIES CHIT FUND SCAM

ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങിയതായി പരാതി. കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഉടമകളാണ് ഒളിവില്‍ പോയത്. വിവിധ ജില്ലകളിലായുള്ള 14 ബ്രാഞ്ചുകളും ഇരുവരുടെയും സൂപ്പര്‍ മാര്‍ക്കറ്റും അടച്ചുപൂട്ടി.

MALAPPURAM CHIT FUND SCAM  കാരാട്ട് കുറീസ് ചിട്ടിക്കമ്പനി  കാരാട്ട് കുറീസ് തട്ടിപ്പ് കേസ്  KARATT CURIES NIDHI LIMITED SCAM
Karatt Curies Owners (ETV Bharat)

By ETV Bharat Kerala Team

Published : Nov 20, 2024, 7:58 PM IST

മലപ്പുറം: വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങിയതായി പരാതി. കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ എംഡി സന്തോഷ്, ഡയറക്‌ടര്‍ മുബഷീര്‍ എന്നിവരാണ് ഒളിവില്‍ പോയത്. ഇന്നലെ (നവംബര്‍ 19) പുലര്‍ച്ചെ മുതലാണ് ഇരുവരെയും കാണാതായത്.

നിലവില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി 14 ബ്രാഞ്ചുകളാണ് കാരാട്ട് കുറീസിനുള്ളത്. സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ സ്റ്റേ ഉണ്ടെന്നും ഓഫിസുകള്‍ തുറക്കേണ്ടതില്ലെന്നും രാവിലെ മുഴുവന്‍ ബ്രാഞ്ച് ഓഫിസിലെയും ജീവനക്കാരെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാക്കിയാണ് ഉടമകള്‍ മുങ്ങിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാരാട്ട് കുറീസിന്‍റെ തട്ടിപ്പ് (ETV Bharat)

ഇന്നലെ ബ്രാഞ്ച് ഓഫിസുകള്‍ തുറക്കാതായതോടെ സംശയം തോന്നിയ ഗുണഭോക്താക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ഉടമകള്‍ മുങ്ങിയതായി വിവരം ലഭിച്ചത്. ഇതോടെ ഏതാനും പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

ഏഴ്‌ വര്‍ഷത്തോളമായി കാരാട്ട് കുറീസ് ചിട്ടിക്കമ്പനി ആരംഭിച്ചിട്ട്. ചിട്ടി അടച്ച് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തവരുമുണ്ട് തട്ടിപ്പിന് ഇരയായവരുടെ കൂട്ടത്തില്‍. ദിവസ വേതനക്കാരും വ്യാപാരികളുമാണ് നിക്ഷേപകരില്‍ അധികവും. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ ഇവരുടെ കീഴിലുള്ള നിലമ്പൂര്‍ എടക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റും അടച്ചുപൂട്ടിയിട്ടുണ്ട്.

മുക്കത്തെ കാരാട്ട് കുറീസിന്‍റെ ബ്രാഞ്ചില്‍ മാത്രം 800 ഓളം നിക്ഷേപകരാണുള്ളത്. ഓരോരുത്തരും ഒരു ലക്ഷം രൂപ മാത്രം നിക്ഷേപിച്ചിട്ടുണ്ടെന്ന് കണക്കാക്കിയാല്‍ പോലും 8 കോടിയോളം രൂപ വരും. ഓരോ ബ്രാഞ്ചിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് മനസിലാക്കാം. പരാതികള്‍ ലഭിച്ച മുക്കം പൊലീസ് സ്റ്റേഷനിലും നിലമ്പൂരിലും എടക്കരയിലുമെല്ലാം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി റെയ്‌ഡ്; 503.16 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

ABOUT THE AUTHOR

...view details