കേരളം

kerala

ETV Bharat / state

കാരാട്ട് കുറീസ് തട്ടിപ്പ്; നിലമ്പൂര്‍, മുക്കം ഓഫിസുകളില്‍ പൊലീസ് പരിശോധന, ജീവനക്കാരുടെ മൊഴിയെടുത്തു

കാരാട്ട് കുറീസ് തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നിലമ്പൂരിലെ നിധി ലിമിറ്റഡിലും മുക്കത്തെ കാരാട്ട് കുറീസ് ലിമിറ്റഡിലും പരിശോധന. വിവിധ രേഖകള്‍ പരിശോധിച്ചു.

POLICE INSPECTION IN NIDHI LIMITED  KARATT CURIES SCAM CASE  കാരാട്ട് കുറീസ് തട്ടിപ്പ്  ധനക്ഷേമ നിധി തട്ടിപ്പ്
Police Inspection In Nidhi Limited (ETV Bharat)

By ETV Bharat Kerala Team

Published : Nov 26, 2024, 9:54 AM IST

മലപ്പുറം:സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ധനക്ഷേമ നിധി ലിമിറ്റഡിന്‍റെ ഓഫിസും മുക്കത്തെ കാരാട്ട് കുറീസിന്‍റെ ഓഫിസും തുറന്ന് പൊലീസ് പരിശോധന നടത്തി. നിധിയില്‍ നിക്ഷേപം നടത്തിയവരുടെയും വായ്‌പ എടുത്തവരുടെയും വിവരങ്ങളും പൊലീസ് ശേഖരിച്ചു.

നിലമ്പൂരിലെ മാനേജര്‍ സ്‌മിത ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നിലമ്പൂരില്‍ പൊലീസും സൈബര്‍ വിങ്ങും സംയുക്തമായാണ് പരിശോധന നടത്തിയത്. മുക്കത്തെ ഓഫിസില്‍ നിന്നും പ്രധാനപ്പെട്ട ഏതാനും രേഖകള്‍ ലഭിച്ചതായാണ് വിവരം. മുക്കം ബ്രാഞ്ചില്‍ നിന്നും മാത്രം ഉടമകള്‍ തട്ടിയത് ഒരു കോടിയിലേറെ രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

നിധി ലിമിറ്റഡിലെ പൊലീസ് പരിശോധന. (ETV Bharat)

ഇക്കഴിഞ്ഞ 21നാണ് കാരാട്ട് കുറീസിനെതിരെ ലഭിച്ച പരാതികളില്‍ മുക്കം പൊലീസ് കേസെടുത്തത്. തുടര്‍ന്ന് സ്ഥാപനത്തില്‍ റെയ്‌ഡ് നടത്താന്‍ പൊലീസ് താമരശേരി കോടതിയുടെ അനുമതി തേടുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഓഫിസില്‍ പരിശോധന നടത്തിയത്.

നവംബര്‍ 19നാണ് കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് കമ്പനികള്‍ അടച്ചു പൂട്ടി എംഡിയായ സന്തോഷ്, ഡയറക്‌ടര്‍ മുബഷീര്‍ എന്നിവര്‍ മുങ്ങിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി 14 ബ്രാഞ്ചുകളാണ് കാരാട്ട് കുറീസിനുള്ളത്. ഓരോ ബ്രാഞ്ചുകളിലും 400 ഓളം പരാതികളാണ് ഇതിനോടകം ലഭിച്ചത്. കോടികളുടെ തട്ടിപ്പ് നടന്നതായാണ് പരാതി. കമ്പനിയിലെ ജീവനക്കാരും കാരാട്ട് കുറീസിലെ നിക്ഷേപകരാണ്. ഇവര്‍ക്കും വന്‍ തുക നഷ്‌ടപ്പെട്ടതായി പരാതികളുണ്ട്.

കോടികള്‍ തട്ടി മുങ്ങിയ ഡയറക്‌ടര്‍ മുബഷീറും എംഡി സന്തോഷും. (ETV Bharat)

സംഭവത്തില്‍ ഇന്നലെ ചുങ്കത്തറയില്‍ ജീവനക്കാര്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരുന്നു. ഉടമകള്‍ മുങ്ങിയാലും തങ്ങളെ കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്കൊപ്പം എപ്പോഴും തങ്ങളുണ്ടാകുമെന്നും കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാണെന്നും ജീവനക്കാര്‍ അറിയിച്ചിരുന്നു.

മുക്കത്തെ ഓഫിസിലെ റെയ്‌ഡ് (ETV Bharat)

കമ്പനി ഉടമകളെ കണ്ടെത്താന്‍ പൊലീസിന്‍റെയും ബന്ധപ്പെട്ട വകുപ്പുകളുടെ നടപടി വേഗത്തിലാക്കണമെന്നും ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ വിവിധ ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ ജീവനക്കാരുടെയും നിക്ഷേപകരുടെ വന്‍ പ്രതിഷേധമാണ് തുടരുന്നത്. വിവിധയിടങ്ങളില്‍ നിന്നും നൂറുക്കണക്കിന് പേരാണ് പരാതിയുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തുന്നത്. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Also Read:

കാരാട്ട് കുറീസ് തട്ടിപ്പ് കേസിൽ ജീവനക്കാര്‍ സമരത്തിലേക്ക്; സ്ഥാപനങ്ങള്‍ തുറക്കാന്‍ അവസരം ഒരുക്കണമെന്നാവശ്യം

കാരാട്ട് കുറീസ് തട്ടിപ്പ് കേസ്; ഡയറക്‌ടറുടെ ബന്ധു വീട്ടില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍

ഇടപാടുകാര്‍ക്ക് മുട്ടന്‍ പണി; കോടികളുമായി മുങ്ങി ചിട്ടിക്കമ്പനി ഉടമകള്‍, 'കാരാട്ട് കുറീസി'ന്‍റെ തട്ടിപ്പിനിരയായി നിക്ഷേപകര്‍

ABOUT THE AUTHOR

...view details