കാസർകോട്: കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് സ്വദേശി നബീലിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. തട്ടിയെടുത്ത പണം മുഴുവൻ താൻ കോഴിക്കോട് സ്വദേശി നബീലിന് കൈമാറിയെന്നാണ് സൊസൈറ്റി സെക്രട്ടറി രതീശൻ നൽകിയ മൊഴി.
കോഴിക്കോട് സ്വദേശിയായ നബീലിനെ ജബ്ബാറാണ് രതീശന് പരിചയപ്പെടുത്തി കൊടുത്തത്. വിദേശത്ത് നിന്ന് 673 കോടി രൂപ ലഭിക്കാനുണ്ടെന്ന റിസർവ് ബാങ്കിന്‍റെ പേരിലുള്ള വ്യാജരേഖ കാണിച്ചാണ് തന്നെ നബീലും ജബ്ബാറും കബളിപ്പിച്ചതെന്നാണ് രതീശൻ പറയുന്നത്. കമ്മീഷൻ ഉൾപ്പെടെ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
രതീശൻ കിന്നിംഗാറില്‍ സഹകരണ സംഘത്തിന്‍റെ പുതിയ ശാഖ ആരംഭിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി 10 കോടിയുടെ നിക്ഷേപം നൽകാമെന്നും ജബ്ബാർ വിശ്വസിപ്പിച്ചു. ബാങ്ക് സെക്രട്ടറിയും, സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന കെ രതീശനെയും, കൂട്ടുപ്രതി ജബ്ബാറിനെയും ചോദ്യം ചെയ്‌തതോടെയാണ് നബീലിനെക്കുറിച്ച് സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്.