കണ്ണൂർ: കേരളത്തിന്‍റെ രാഷ്ട്രീയ തലസ്ഥാനം കണ്ണൂരാണെന്ന് പറയാറുണ്ട്. തെയ്യവും തിറയും കലയുമെന്ന പോലെ ചിലപ്പോഴൊക്കെ മധ്യ-തെക്കൻ കേരളത്തിലെ അണികൾക്ക് കണ്ണൂരിന്‍റെ രാഷ്ട്രീയ ഉയർച്ചയില്‍ അസൂയയും ആണ്. ഒരു ഘട്ടത്തിലും തങ്ങളുടെ രാഷ്ട്രീയ മേധാവിത്വം വിട്ടുകൊടുക്കാൻ കണ്ണൂർ തയ്യാറായിട്ടില്ലെന്നതാണ് ചരിത്രം. ഇ കെ നായനാരും, കെ കരുണാകാരനും രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങൾ കണ്ണൂരിനോട് ചേർത്ത് കെട്ടുമ്പോൾ, ഇന്നത്തെ കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും കണ്ണൂരിൽ നിന്നുള്ളവർ തന്നെ ആണ്.
കേരളത്തിലെ പ്രധാന പ്രതിപക്ഷ പാർട്ടി ആയ കോൺഗ്രസിന്‍റെ ഇന്നത്തെ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും കണ്ണൂരുകാരൻ തന്നെ. നിലവിലെ കേന്ദ്ര മന്ത്രി സഭയിലെ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധി വി മുരളീധരനും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുള്ള കുട്ടിയും, എഐസിസി സംഘടന ചുമതലയുള്ള കെ സി വേണുഗോപാലും കണ്ണൂരുകാരാണ്.
ഈ അപ്രമാധിത്വം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയും. ഇടതു മുന്നണി സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട കണ്ണൂരിൽ മത്സരിക്കുന്ന എം വി ജയരാജൻ, വടകര മണ്ഡലത്തിൽ മത്സരിക്കുന്ന കെ കെ ശൈലജ, വയനാട്ടിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി ആനി രാജ, തിരുവനതപുരത്ത് മത്സരിക്കുന്ന സി പി ഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ എന്നിവര്‍ കണ്ണൂർകാർ തന്നെ.
എം.വി ജയരാജന്‍റെ സ്വദേശം പെരളശ്ശേരിയും ശൈലജയുടേത് മട്ടന്നൂരുമാണ്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യയാണ് ആറളം കീഴ്പ്പള്ളി സ്വദേശിനിയായ ആനി രാജ. പന്ന്യൻ രവീന്ദ്രൻ കക്കാട് സ്വദേശിയാണ്. മുൻപ് തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌ത എം പി കൂടിയാണ് ആദ്ദേഹം.
യു ഡി എഫിൽ നിന്നാകട്ടെ കോഴിക്കോട് നിന്നുള്ള കോൺഗ്രസ് സിറ്റിങ് എംപി എം കെ രാഘവൻ വീണ്ടും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ പുറച്ചേരി സ്വദേശിയാണ് ആദ്ദേഹം. കണ്ണൂരിലെ സിറ്റിങ് എംപിയായ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വീണ്ടും മത്സരിക്കാൻ സാധ്യത ഏറെയാണ്. ആദ്ദേഹം നാടാൽ സ്വദേശിയാണ്. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ അംഗമായ കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുകയാണെങ്കിൽ അവിടെയും കണ്ണൂർ പൊലിമ വ്യക്തം. കണ്ണൂർ പയ്യന്നൂർ കണ്ടോന്താർ സ്വദേശിയാണ് ആദ്ദേഹം.
ബിജെപിയിൽ നിന്നുള്ള രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മിക്കവാറും മത്സര രംഗത്ത് ഉണ്ടായിരിക്കും എന്ന് ഉറപ്പായിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് പി കെ കൃഷ്‌ണ ദാസ്, സി കെ പദ്‌മനാഭൻ, എ പി അബ്ദുള്ള കുട്ടി എന്നിവരുടെ പേരും ബിജെപി പട്ടികയിൽ ഉണ്ട്. കേരളത്തിൽ നിന്നുള്ള ഒൻപത് രാജ്യസഭാംഗങ്ങളിൽ മൂന്നുപേരും കണ്ണൂരുകാരാണ്.
സിപിഎമ്മിലെ ജോൺ ബ്രിട്ടാസും, ഡോക്‌ടര്‍ വി ശിവദാസനും, സിപിഐയിലെ സന്തോഷ് കുമാറുമാണ് കണ്ണൂരിൽ നിന്നുള്ള രാജ്യസഭ അംഗങ്ങള്‍. വി മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നാണ് രാജ്യസഭയിൽ എത്തിയത്. ആര് തോറ്റാലും ജയിച്ചാലും കണ്ണൂരിന്‍റെ രാഷ്ട്രീയ മേധാവിത്വം കെട്ട് പൊട്ടിക്കാതെ ഊട്ടി ഉറപ്പിക്കുകയാണ് രാഷ്ട്രീയ കേരളം.