കണ്ണൂർ:സ്വർണ്ണ കള്ളക്കടത്ത് സംഘത്തിനെതിരെ പാർട്ടിയിൽ സ്വീകരിച്ച വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിൽ ലക്ഷ്യ സ്ഥാനത്തു എത്താൻ കഴിയാത്ത ദുഃഖത്തിൽ പാർട്ടി വിട്ട് മനു തോമസ്. സ്വർണക്കള്ളക്കടത്ത് സംഘത്തിൽ നിന്ന് ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് രഹസ്യങ്ങൾ ചോർത്തി നൽകി എന്നീ ഗുരുതര പരാതികളാണ് ജില്ലയിലെ പ്രമുഖ ഡിവൈഎഫ്ഐ നേതാവും ഇന്നത്തെ യുവജന ക്ഷേമ ബോർഡ് സംസ്ഥാന അധ്യക്ഷനുമായ ഷാജറിനെതിരെ മനു തോമസ് പാർട്ടി ജില്ലാ നേതൃത്വത്തിന് നൽകിയത്.
പക്ഷെ പാർട്ടി തിരുത്തിയില്ലെന്ന് മാത്രം അല്ല, മനുവിനെ ഒറ്റപ്പെടുത്താനും ശ്രമിച്ചു. യുവ നേതാവും ക്വട്ടേഷൻ സംഘത്തലവനും സംസാരിക്കുന്ന ശബ്‌ദരേഖ സഹിതം ആയിരുന്നു മനുവിൻ്റെ പരാതി. എന്നാൽ ജില്ല നേതൃത്വം അത് ഗൗരവമായി എടുത്തില്ല. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റു തിരുത്തൽ രേഖയിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു.
ഇതോടെയാണ് പരാതി അന്വേഷിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എം സുരേന്ദ്രനെ നിയോഗിച്ചത്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ നിലയുറപ്പിച്ചതോടെ മനുവിനെതിരെ സൈബർ ആക്രമണവും ഉണ്ടായി. യുവ നേതാവുമായി ബന്ധമുള്ള പാർട്ടി ഓഫീസ് ഭാരവാഹിയിൽ നിന്നും മനുവിൽ നിന്നും വിശദമായ മൊഴിയെടുത്തു. എങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
അന്വേഷണം തൃപ്‌തികരമല്ലെന്നും ആരോപണ വിധേയനെ മുതിർന്ന ചില നേതാക്കൾ സംരക്ഷിക്കുന്നു എന്നുമാണ് മനുവിൻ്റെ പരാതി. പാർട്ടിയിൽ ഒറ്റപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗത്തിൽ നിന്നുണ്ടായതോടെയാണ് മനു പാർട്ടിയിൽ നിന്നകന്നത്. ഒടുവിൽ പോരാട്ടം ലക്ഷ്യം നേടിയില്ലെന്ന് മനസ്സിലാക്കി സ്വയം പടിയിറങ്ങുകയായിരുന്നു.