കാസർകോട്:കമ്പള എന്ന് കേട്ടിട്ടുണ്ടോ? തുളുനാടിന്‍റെ സ്വന്തം കായിക വിനോദമാണ് ‘കമ്പള’. ഒരുകാലത്തെ കാസർകോട്ടെ ആഘോഷം ആയിരുന്നു കമ്പള. കാസർകോടിന് പുറത്ത് നിന്നുള്ളവർക്ക് കമ്പള എന്ന വാക്ക് അത്ര പരിചിതമായിരിക്കില്ല. പോത്തോട്ട മത്സരത്തിനാണ് കമ്പള എന്ന് പറയുന്നത്. ഒരുകാലത്ത് കാസർകോട് നടക്കാറുണ്ടെങ്കിലും ഇപ്പോൾ കർണാടകയിൽ പോയാൽ മാത്രമേ ഇത് കാണാൻ കഴിയുകയുള്ളൂ. പ്രത്യേകിച്ച് ദക്ഷിണ കന്നഡയിൽ.
നിയമങ്ങൾ കടുപ്പിച്ചതോടെയാണ് ജില്ലയിലെ കമ്പള അപൂർവമായത്. എന്നാൽ കാസർകോട് നിന്നുള്ള അഞ്ചിലേറെ ടീമുകൾ കർണാടകയിലെ കമ്പളയിൽ സജീവ സാന്നിധ്യമാണ്. കാരിരുമ്പിന്‍റെ നിറവും കരുത്തുമുള്ള പോത്തുകൾ ട്രാക്കിൽ വേഗത കൊണ്ട് വിസ്‌മയം തീർക്കുന്ന കാഴ്‌ച ഹരം കൊള്ളിക്കുന്നതാണ്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയും ഉൾപ്പെടുന്ന തുളു നാടിന്‍റെ സാംസ്‌കാരിക തനിമ കൂടി വിളിച്ചോതുന്നതാണ് ഓരോ കമ്പളയും.
ദക്ഷിണ കന്നഡ ജില്ലയിൽ ചെറുതും വലുതുമായ ഒട്ടേറെ മത്സരങ്ങൾ ഓരോ വർഷവും നടക്കാറുണ്ട്. 150ലേറെ ടീമുകൾ അണിനിരക്കുന്ന പുത്തൂർ കമ്പളയാണ് ഇതിൽ ഏറ്റവും ആകർഷണം. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ പത്തിലേറെ കമ്പളകൾ നടക്കാറുണ്ടായിരുന്നു. പൈവളിഗെ, മുള്ളേരിയ കാർലെ തുടങ്ങിയവയായിരുന്നു അതിൽ പ്രധാനപ്പെട്ടവ.
എന്നാൽ കമ്പളയ്ക്കായി പോത്തുകളെ ഓടിക്കുമ്പോൾ അതിനെ അടിക്കുന്നതിനെതിരെ മൃഗസ്നേഹികളുടെ സംഘടന സുപ്രീംകോടതിയെ സമീപിക്കുകയും 2014ൽ കോടതി ഇത് നിരോധിക്കുകയും ചെയ്‌തു. പോത്തുകളെ ഉപദ്രവിക്കുന്നില്ലെന്ന് പറഞ്ഞ് ഇതിൽ ഓർഡിനൻസിലൂടെ ഭേദഗതി വരുത്തിയാണ് കർണാടക സർക്കാർ ഇത് തുടരാൻ അനുമതി നൽകിയത്.
2018ൽ പൈവളിഗെയിൽ നടന്ന കമ്പളയ്ക്ക് ജില്ല ഭരണകൂടം അനുമതി നൽകിയത് പോത്തുകളെ അടിക്കാൻ വടി എടുക്കാൻ പാടില്ലെന്ന ഉപാധികളോടെയായിരുന്നു. പൈവളിഗെ അണ്ണ തമ്മ ജോഡ്‌കളു കമ്പള സമിതിയുടെ നേതൃത്വത്തിലായിരുന്നു അത്. കാർലെയിൽ ഉണ്ടായിരുന്ന ട്രാക്ക് പൂർണമായും ഇല്ലാതായി.
അതേസമയം കേരള–കർണാടക അതിർത്തിയായ അരിബയലിൽ ഈ മാസം 4 ന് കമ്പള നടന്നതാണ് ഏറ്റവും ഒടുവിലത്തേത്. ഇവിടെ സൗകര്യമില്ലാത്തതിനാൽ, കർണാടകയിലെ അതിർത്തി പ്രദേശങ്ങളിലെ ട്രാക്കുകളിൽ കൊണ്ട് പോയാണ് ജില്ലയിലെ ടീമുകൾ പോത്തുകളെ പരിശീലിപ്പിക്കുന്നത്.
കഴുത്തിൽ നുകം കെട്ടിയും കലപ്പ കെട്ടിയും:പോത്തുകളുടെ കഴുത്തിൽ നുകം കെട്ടിയും കലപ്പ കെട്ടിയും ഉൾപ്പെടെ ആറ് ഇനങ്ങളിലാണ് മത്സരങ്ങൾ. കാസർകോട്ടെ കമ്പള പ്രേമികളും ഇതിലേക്ക് ഒഴുകിയെത്താറുണ്ട്. കർണാടകയിലെ കർഷക സമൂഹത്തിനിടയിൽ 800 വർഷത്തോളമായി പ്രചാരത്തിലുള്ള കമ്പളയെക്കുറിച്ച് ദൈവികമായ പല കഥകളും നിലവിലുണ്ട്.