കൊല്ലം:പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ ഏറത്തു വടക്ക് സ്വദേശി അനി - ശ്രീജ ദമ്പതികളുടെ മകൻ അമൽ (14), ആദേശ് - സരിത ദമ്പതികളുടെ മകൻ ആദിത്യൻ (14) എന്നിവരുടെ മൃതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്.
പട്ടാഴിയിൽ കാണാതായ വിദ്യാർഥികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ - river death
കുട്ടികൾ മത്സ്യബന്ധനത്തിനോ, അല്ലെങ്കില്‍ കുളിക്കാൻ ഇറങ്ങവെയോ അപകടത്തിൽപെട്ടതാകാമെന്നാണ് പൊലീസ് നിഗമനം.
Published : Feb 16, 2024, 1:28 PM IST
കൊട്ടാരക്കര വെണ്ടാർ ശ്രീവിദ്യാധിരാജാ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. വ്യാഴാഴ്‌ച (15-02-2024) ഉച്ച മുതലാണ് കുട്ടികളെ കാണാതായത്. പട്ടാഴി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതാകാമെന്നാണ് രക്ഷിതാക്കൾ കരുതിയത്. എന്നാൽ, രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പത്തനാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസും, നാട്ടുകാരും രാത്രി തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ ആറരയോടെ കല്ലടയാറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾ മത്സ്യബന്ധനത്തിനോ, അല്ലെങ്കില്‍ കുളിക്കാൻ ഇറങ്ങവെയോ അപകടത്തിൽപെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.