പത്തനംതിട്ട: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നതിന് ശേഷമുള്ള കളഭാഭിഷേകവും നെയ്യഭിഷേകവും ഇന്ന് (ഡിസംബർ 31) നടന്നു. ശബരിമല സന്നിധാനത്തെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് കളഭാഭിഷേകവും നെയ്യഭിഷേകവും. ആദ്യത്തെ കളഭാഭിഷേകം ഉച്ചപൂജയ്‌ക്ക് മുമ്പായി 12 മണിക്ക് നടന്നു.
നെയ്യഭിഷേകം പുലര്‍ച്ചെ 3.30ന് തുടങ്ങി 7 വരെയും തുടർന്ന് രാവിലെ 8 മുതൽ 11 വരെയും നടന്നു. തന്ത്രി കണ്‌ഠരര് ബ്രഹ്മദത്തൻ്റെ കാർമികത്വത്തിൽ പൂജിച്ച ശേഷം കളഭാഭിഷേകത്തിനുള്ള കളഭകുംഭവുമായി മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിനുചുറ്റും പ്രദക്ഷിണം വച്ചു. തുടർന്നാണ് കളഭാഭിഷേകം നടത്തിയത്.