കേരളം

kerala

ETV Bharat / state

'തത്കാലം ആ അരി ഇവിടെ വേവില്ല; ആ വെള്ളമങ്ങ് മാറ്റി വെച്ചേക്കുക'. മന്ത്രി റിയാസുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി - റോഡ് വികസന വിവാദം

ഫേസ്ബുക്കില്‍ മന്ത്രി മുഹമ്മദ്‌ റിയാസുമൊത്തുള്ള സെൽഫി പങ്കുവെച്ചുകൊണ്ട് വിശദമായ കുറിപ്പോടെയായിരുന്നു കടകംപള്ളിയുടെ പ്രതികരണം

Kadakampally Surendran MLA  Facebook Post Against Road Issue  minister pa muhammed riyas  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ  റോഡ് വികസന വിവാദം  മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്
Kadakampally Surendran MLA's Facebook Post Against Road Issue

By ETV Bharat Kerala Team

Published : Feb 2, 2024, 3:21 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. താനും മന്ത്രി മുഹമ്മദ്‌ റിയാസും യാതൊരു പ്രശ്‌നവുമില്ലെന്നും അനാവശ്യ വിവാദം ഉണ്ടാക്കി തെറ്റിദ്ധാരണ പരത്തുന്ന മാധ്യമങ്ങൾക്കുള്ള മറുപടിയാണിതെന്നും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

ഫേസ്ബുക്കില്‍ മന്ത്രി മുഹമ്മദ്‌ റിയാസുമൊത്തുള്ള സെൽഫി പങ്കുവെച്ചുകൊണ്ട് വിശദമായ കുറിപ്പോടെയായിരുന്നു കടകംപള്ളിയുടെ പ്രതികരണം. റോഡ് പണി വിവാദത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും തമ്മിൽ പരസ്‌പരം കൊമ്പുകോർക്കുന്നുവെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകള്‍ പ്രചരിച്ചിരുന്നു.

മാധ്യമങ്ങൾ അവരുടെ സർക്കാർ വിരുദ്ധ മനോഭാവത്തിന്‍റെ ഭാഗമായി ഞാൻ ആദ്യം പറഞ്ഞ ഭാഗങ്ങളും, പോരായ്‌മകൾക്കുത്തരവാദി ജനപ്രതിനിധികൾ അല്ല ചില ഉദ്യോഗസ്ഥരും കരാറുകാരും ആണ് എന്നുള്ള ഭാഗങ്ങളും ഒഴിവാക്കി അവർക്ക് വേണ്ട ഭാഗങ്ങൾ മാത്രം കട്ട് ചെയ്‌താണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് കടകംപള്ളി ഫേസ്‌ബുക്കില്‍ പറഞ്ഞു. (Kadakampally Surendran MLA's Facebook Post Against Road Issue).

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:വികസന സെമിനാറുകൾ എന്നാൽ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനുള്ള വേദിയായല്ല ഞാൻ കാണുന്നത്. നമ്മുടെ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം നമ്മുടെ ഭാഗത്തെ കുറവുകളും ആ കുറവുകൾ എങ്ങനെ പരിഹരിക്കാൻ കഴിയും എന്നുള്ള നിർദ്ദേശങ്ങളും അവതരിപ്പിക്കണം എന്ന് കരുതുന്ന ഒരാളാണ് ഞാൻ.

കഴക്കൂട്ടം മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിൽ ഞാൻ സംഘടിപ്പിച്ചിട്ടുള്ള വികസന സെമിനാറുകളിൽ എല്ലാം എന്‍റെ പ്രസംഗം ഞാൻ അവതരിപ്പിച്ചിട്ടുള്ളത് ഇത്തരത്തിൽ സ്വയം വിമർശനത്തോട് കൂടി തന്നെയാണ്. തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിനെയും ഞാൻ അങ്ങനെ തന്നെയാണ് സമീപിച്ചത്.

എന്‍റെ പ്രസംഗം മുഴുവൻ കേട്ടവർക്ക് അറിയാം, ആദ്യം ഞാൻ നഗരസഭയുടെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞു. അവസാനം നമുക്ക് ഉണ്ടായ കുറവുകളും. നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ കരാറുകാർക്കൊപ്പം ചേർന്ന് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന സ്ഥിതിയുണ്ട് എന്നത് വാസ്‌തവം ആണ്. ഒരു മേശപ്പുറത്ത് നിന്നും മറ്റൊരു മേശപ്പുറത്ത് ഫയൽ നീങ്ങണമെങ്കിൽ കൗൺസിലർമാർ നേരിട്ട് വന്നു എടുത്തുകൊണ്ടുപോകേണ്ട സ്ഥിതിയാണ്.

ഇത്തരത്തിൽ ജീവനക്കാരുടെയും കരാറുകാരുടെയും മോശം സമീപനത്തെയും അവരുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്‌തു ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട ഞാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും നടത്തിയതാണ് പ്രസംഗത്തിലെ ആ ഭാഗം. 2021 ഒക്ടോബർ 27 ന് നിയമസഭയിൽ അമൃത് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച സബ്‌മിഷനിൽ ഉന്നയിച്ച അതെ കാര്യം തന്നെയാണ് വികസന സെമിനാറിൽ ഉന്നയിച്ചതും.

എന്നാൽ നമ്മുടെ മാധ്യമങ്ങൾ അവരുടെ സംസ്ഥാന സർക്കാർ വിരുദ്ധ മനോഭാവത്തിന്‍റെ ഭാഗമായി ഞാൻ ആദ്യം പറഞ്ഞ ഭാഗങ്ങളും പോരായ്‌മകൾക്കുത്തരവാദി ജനപ്രതിനിധികൾ അല്ല ചില ഉദ്യോഗസ്ഥരും കരാറുകാരും ആണ് എന്നുള്ള ഭാഗങ്ങളും ഒഴിവാക്കി അവർക്ക് വേണ്ട ഭാഗങ്ങൾ മാത്രം കട്ട് ചെയ്‌ത് പ്രചരിപ്പിക്കുകയാണ് ഉണ്ടായത്.

മേയറെ വേദിയിലിരുത്തി നഗരസഭക്ക് എതിരെ ആഞ്ഞടിച്ചു, നഗരത്തിലെ റോഡുകൾ മോശം അങ്ങനെ പോകുന്നു വാർത്തകൾ. വിവാദങ്ങൾ സൃഷ്‌ടിച്ച് വികസന പ്രവർത്തനങ്ങളെ താറടിക്കാനുള്ള ഇത്തരം മാധ്യമ പ്രവർത്തനത്തിന് എതിരെയാണ് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രതികരിക്കുന്നത്.

മാധ്യമങ്ങൾക്കെതിരെ എന്ന് എടുത്തു പറയുന്ന പ്രസംഗത്തിലും മാധ്യമങ്ങൾ കത്തി വെച്ചു. എന്നിട്ട് ആഘോഷം തുടങ്ങി. കടകംപള്ളിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി റിയാസ്. എന്‍റെ പൊന്നു മാധ്യമ ചങ്ങായിമാരെ, മന്ത്രി പറയുന്ന പ്രസംഗത്തിലുള്ള കൊമ്പത്തെ കരാറുകാരനെയും എനിക്കറിയില്ല, ഇപ്പോഴുള്ള കരാറുകാരെയും എനിക്കറിയില്ല. അത് എനിക്കുള്ള മറുപടിയുമല്ല.

അത് അനാവശ്യ വിവാദം ഉണ്ടാക്കി തെറ്റിദ്ധാരണ പരത്തുന്ന നിങ്ങൾക്കുള്ള മറുപടിയാണ്. ഞാനും മന്ത്രി റിയാസുമായി യാതൊരു പ്രശ്‌നവുമില്ല. നിയമസഭ നടക്കുന്ന സമയമായതിനാൽ എന്നും കാണാറുണ്ട്. സംസാരിക്കാറുണ്ട്. അതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്നറിയാം. തത്കാലം ആ അരി ഇവിടെ വേവില്ല. ആ വെള്ളമങ്ങ് മാറ്റി വെച്ചേക്കുക.

ABOUT THE AUTHOR

...view details