തിരുവനന്തപുരം : പി സി ജോർജിന് താകീതുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഷ്ട്രീയ പ്രവർത്തകർ ഭാഷയിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് കെ സുരേന്ദ്രൻ പി സി ജോർജിനോട് നിർദശിച്ചു ( K Surendran's Warning To PC George).
തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വത്തിൽ വിയോജിപ്പ് പരസ്യമാക്കിയ പി സി യുടെ നിലപാടിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസാരിക്കുന്ന ഭാഷയിൽ എല്ലാവരും മിതത്വം പാലിക്കണം. അനിൽ ആന്‍റണിയെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. അനിൽ ആന്‍റണി മികച്ച സ്ഥാനാർഥിയാണ്. അദ്ദേഹത്തെ കേരളത്തിൽ എല്ലാവർക്കുമറിയാം. കഴിഞ്ഞ തവണ ബി ജെ പി മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾ നേടിയ മണ്ഡലമാണിത്. പൊതു പ്രവർത്തകർ എല്ലാകാലത്തും ഭാഷയിൽ മിതത്വം പാലിക്കണം. വിയോജിപ്പുകൾ പരസ്യമാക്കിയവർക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്. നടപടിയെടുത്തവർ വർഷങ്ങളായി പാർട്ടി പ്രവർത്തകരാണ്. പി സി ജോർജ് ഇപ്പോൾ മാത്രമാണ് പാർട്ടിലേക്കെത്തിയത്. ആസ്വാരസ്യങ്ങൾക്കും അപശ്രുതികൾക്കും പാർട്ടിയിൽ സ്ഥാനമില്ല. സാമൂഹിക മാധ്യമങ്ങളിൽ വിയോജിപ്പ് വിളിച്ചു പറയുന്നവന് പാർട്ടിയിൽ സ്ഥാനമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബാക്കി സ്ഥാനാർത്ഥികളെ ഒരാഴ്‌ചയ്ക്കകമറിയാം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി ജെ പി യുടെ ബാക്കി സ്ഥാനാർത്ഥികളെ ഒരാഴ്‌ചയ്ക്കകമറിയാമെന്നും കെ സുരേന്ദ്രൻ അറിയിച്ചു. എൻ ഡി എ മുന്നണിയിലെ മറ്റു ഘടക കക്ഷികൾക്ക് സീറ്റില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബി ഡി ജെ എസിന്‍റെ സീറ്റ് സംബന്ധിച്ച് കേന്ദ്രത്തെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ അറിയച്ചു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് സംസ്ഥാനത്തേക്ക് വീണ്ടുമെത്താൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ അത്ഭുദകരമായ മുന്നേറ്റമുണ്ടാകും. ആലപ്പുഴയിൽ ഇത്തവണ ബി ജെ പി വിജയിക്കും. യു പി എ കാലത്തേക്കാൾ കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്നും ഇത്തവണമയുണ്ടാകും. രാജീവ് ചന്ദ്രശേഖരനെ കേരളത്തിൽ എല്ലാവരും അറിയുന്നയാളാണ്. പന്ന്യൻ തിരുവനന്തപുരത്ത് അന്യനായി മാറിയിരിക്കുന്നു. എൽ ഡി എഫിന് തിരുവനന്തപുരത്ത് വർഷങ്ങളായി പ്രസക്തിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.