തിരുവനന്തപുരം: സുന്നി യുവജന സംഘം നേതാവ് മുസ്‌തഫ മുണ്ടുപാറയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നടത്തിയ പ്രസംഗത്തില്‍ "പ്രത്യേക മലബാർ സംസ്ഥാനം" എന്ന വിവാദ പരാമര്‍ശം മുസ്‌തഫ നടത്തിയിരുന്നു. കേരളത്തെ വിഭജിക്കാനുള്ള ഏത് നീക്കത്തെയും പാർട്ടി ശക്തമായി നേരിടുമെന്നും പോപ്പുലർ ഫ്രണ്ടിൻ്റെ നിരോധനത്തോടെ കേരളത്തിൽ തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്‌തെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് വെറും തെറ്റിദ്ധാരണയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളം വിഭജിക്കണമെന്ന് ആവശ്യപ്പെട്ട മുസ്‌തഫ മുണ്ടുപാറയുടെ ചങ്കൂറ്റവും, പിണറായി വിജയൻ്റെയും, വി ഡി സതീശൻ്റെയും മൗനവും സത്യം വെളിവാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോൺഗ്രസും കമ്മ്യൂണിസ്‌റ്റ് പാർട്ടികളും വോട്ടിനായി ദേശീയ അഖണ്ഡതയിൽ ലജ്ജയില്ലാതെ മുട്ടുമടക്കുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
നമ്മുടെ രാജ്യത്തുനിന്ന് വിഘടനവാദ ശക്തികളെ ഉന്മൂലനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അചഞ്ചലമായ ദൗത്യത്തിന് ഏറ്റവും വലിയ തടസ്സങ്ങളാണ് ഇവര്‍ എന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തെ വിഭജിക്കാനുള്ള ഏത് നീക്കത്തിനെതിരെയും ബിജെപി പല്ലും നഖവും ഉപയോഗിച്ച് പൊരുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.