പത്തനംതിട്ട:ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം ഉയർത്തിക്കാട്ടുന്നത് യഥാർത്ഥ വിഷയങ്ങളില്‍ വെളളം ചേർക്കാനെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പാർട്ടി നിലപാട് പറഞ്ഞ ശേഷം പിന്നീട് സുരേഷ് ഗോപി സംസാരിച്ചിട്ടില്ല. ഇവിടെ സുരേഷ് ഗോപി വിഷയമല്ല ചർച്ചയാകേണ്ടത്. സർക്കാരിനെതിരായ കാര്യങ്ങളാണ് ഒരുമിച്ചു നിന്ന് ചർച്ച ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമ പ്രവർത്തകരും ഇക്കാര്യത്തില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയാൻ സർക്കാർ തയ്യാറാകണമെന്നും പ്രത്യേക അന്വേഷണസംഘമെന്നത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമായി മാറുന്നുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.മുകേഷിനെ നിലനിർത്തിക്കൊണ്ട് സിനിമാരംഗത്തെ അനാശാസ്യ പ്രവണതകള്‍ പരിഹരിക്കാൻ കഴിയുമെന്നത് മഹാ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മുകേഷിനെ അറസ്‌റ്റ് ചെയ്‌ത് നടപടിയെടുക്കണം. മുകേഷിനെ വച്ച് കോണ്‍ക്ലേവ് നടത്താനുള്ള തീരുമാനം ലജ്ജാകരമാണ്. സിനിമ കോണ്‍ക്ലേവ് അടിയന്തരമായി നിർത്തിവയ്ക്കണം. വേട്ടക്കാർ എല്ലാംകൂടി ചേർന്ന് എന്ത് കോണ്‍ക്ലേവ് ആണ് നടത്താൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.