കോഴിക്കോട്:എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജൂൺ നാലിന് ശേഷം എൽഡിഎഫിലേയും യുഡിഎഫിലേയും പ്രധാനപ്പെട്ട പല നേതാക്കൾ ബിജെപിയിലേക്ക് വരും. ഇരു മുന്നണികളിലും അസംതൃപ്‌തരുടെ എണ്ണം വർധിച്ച് വരികയാണെന്നും കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സുരേന്ദ്രൻ പറഞ്ഞു.
ഇ പി ജയരാജനുമായുള്ള ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇത്തവണ കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജണ്ടയ്‌ക്ക് ജനങ്ങൾ ഒന്നടങ്കം വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്.
കേരളത്തിൽ എൽഡിഎഫിനോടും യുഡിഎഫിനോടും ജനങ്ങൾക്ക് അമർഷമുണ്ട്. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ തെറ്റായ നയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പ്. എന്നാൽ സർക്കാരിനെതിരായ വികാരം യുഡിഎഫിന് ഒരു തരത്തിലും സഹായം ചെയ്യില്ല. കാരണം ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട രണ്ട് ഘടകകക്ഷികളായാണ് അവർ ഇവിടെ മത്സരിക്കുന്നത്.