കേരളം

kerala

ETV Bharat / state

'പിണറായി മന്ത്രിസഭ ബാര്‍ മുതലാളിമാരുടെ കുഞ്ഞ്': ബാര്‍ നികുതി കുടിശിക വിവാദത്തില്‍ കെ സുധാകരന്‍ - Sudhakaran On Bar Hotel Tax Arear - SUDHAKARAN ON BAR HOTEL TAX AREAR

606 ബാറുകള്‍ നികുതി കുടിശിക വരുത്തിയെന്ന് ധനമന്ത്രി പറഞ്ഞതിന് പിന്നാലെ പിണറായി മന്ത്രിസഭയ്ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ്. സര്‍ക്കാര്‍ ബാര്‍ ഉടമകള്‍ക്ക് മുന്നില്‍ മുട്ടിടിച്ചു നില്‍ക്കുകയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ആത്മാഭിമാനം ഉണ്ടെങ്കില്‍ ധനമന്ത്രി രാജിവക്കണമെന്നും അദ്ദേഹം പറഞ്ഞു.

K SUDHAKARAN  MALAYALAM LATEST NEWS  ബാര്‍ നികുതി കുടിശിക വിവാദം  BEVCO
K Sudhakaran (ETV Bharat)

By ETV Bharat Kerala Team

Published : Jul 29, 2024, 8:39 PM IST

തിരുവനന്തപുരം:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും 75 ശതമാനം ബാറുകളില്‍ നിന്നും നികുതി കുടിശിക പിരിക്കുന്നതില്‍ വീഴ്‌ചവരുത്തിയത് പിണറായി മന്ത്രിസഭയ്ക്ക് മദ്യലോബിയുമായുള്ള അവിശുദ്ധബന്ധത്തിന്‍റെ പേരിലെന്ന് കെ സുധാകരന്‍. ബാര്‍ മുതലാളിമാരുടെ കുഞ്ഞാണ് പിണറായി മന്ത്രിസഭ എന്നതിനാല്‍ അവരുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ടിടിച്ചു നില്‍ക്കുകയാണ്. 606 ബാറുകള്‍ നികുതി കുടിശിക വരുത്തിയെന്ന് സമ്മതിച്ച ധനമന്ത്രിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണം എന്നും കെ സുധാകരന്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ കെട്ടുതാലിവരെ വിറ്റ് നാനാതരം നികുതികള്‍ അടയ്ക്കുമ്പോഴാണ് ബാര്‍ മുതലാളിമാരെ ധനമന്ത്രി എണ്ണതേച്ച് കുളിപ്പിക്കുന്നത്. കേരളീയം പരിപാടി ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്‍റെ ധൂര്‍ത്തും ആഡംബരവും സ്‌പോണ്‍സര്‍ ചെയ്യുന്നത് ബാര്‍ ഉടമകളാണ്. യഥേഷ്‌ടം ബാറുകളും വൈന്‍ പാര്‍ലറുകളും അനുവദിക്കുന്നതോടൊപ്പമാണ് നികുതി കുടിശിക കണ്ടില്ലെന്ന് നടിക്കുന്നത്.

അബ്‌കാരി നിയമത്തില്‍ ഭേദഗതി വരുത്തി ഡ്രൈ ഡേ ഒഴിവാക്കി പുതിയ മദ്യനയം നടപ്പാക്കാന്‍ ബാറുടമകള്‍ വ്യാപകമായി പണപ്പിരിവിന് ആഹ്വാനം ചെയ്‌ത ശബ്‌ദ സന്ദേശം പുറത്ത് വന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സര്‍ക്കാരിന് മദ്യമുതലാളിമാരോടുള്ള കടപ്പാടിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്. ബാറുകളുടെ എണ്ണം വര്‍ധിച്ചിട്ടും ടേണ്‍ ഓവര്‍ ടാക്‌സ് കുത്തനെ ഇടിഞ്ഞിട്ടും ഒരു നടപടിയും പിണറായി സര്‍ക്കാര്‍ എടുത്തില്ല. സാമൂഹ്യ സുരക്ഷ പെന്‍ഷനും ശമ്പളവും മറ്റും നല്‍കാന്‍ കാശില്ലാതെ സര്‍ക്കാര്‍ ഓരോ തവണയും 2000 കോടി വീതം കടം എടുക്കുകയാണ്.

ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കാനും വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ക്കും കാശില്ലാതെ നട്ടംതിരിയുമ്പോഴാണ് ബാര്‍ മുതലാളിമാര്‍ക്ക് നികുതി വെട്ടിപ്പ് നടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണെന്നും സുധാകരന്‍ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. യുഡിഎഫ് എംഎല്‍എ സണ്ണി ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കോടികളുടെ നികുതി പിരിവിലെ വീഴ്‌ച ധനകാര്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നത്.

Also Read:'ദുർബല വാദങ്ങള്‍ നിരത്തി ഒഴിഞ്ഞുമാറാൻ മന്ത്രിയുടെ ശ്രമം': ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

ABOUT THE AUTHOR

...view details