കണ്ണൂർ :ഇപി ജയരാജൻ, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തുവരുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. വിഷയത്തിൽ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നേരെ ആരോപണങ്ങൾ കടുക്കുകയാണെന്ന് കെ സുധാകരൻ പറഞ്ഞു. ജയരാജനെതിരെ സിപിഎം നടപടിയെടുക്കാത്തതിനെ കടുത്ത ഭാഷയിൽ സുധാകരൻ വിമർശിച്ചു.
ഇ പി ജയരാജനെതിരെ പാർട്ടി ഒരു നടപടിയും കൈക്കൊള്ളില്ല. ജയരാജൻ അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാനപ്പെട്ട കക്ഷിയാണ്. അദ്ദേഹത്തെ തൊട്ടാൽ കൊട്ടാരം മുഴുവൻ കത്തും. അതുകൊണ്ടാണ് ജയരാജനെ അലോസരപ്പെടുത്താനോ ബുദ്ധിമുട്ടിക്കാനോ സിപിഎം നേതൃത്വം തയ്യാറാവാത്തതെന്നും കെ സുധാകരൻ പറഞ്ഞു.