പൂരം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കെ മുരളീധരന്‍ രംഗത്ത് തൃശൂര്‍ :പൂരം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവുമായി കെ മുരളീധരൻ രംഗത്ത്. പൂരം എക്‌സിബിഷന്‍ മുതല്‍ അട്ടിമറി ശ്രമം തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പൂരം കുളമാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.
പൂരം വെടിക്കെട്ടില്‍ പൊലീസ് കാട്ടിയത് തോന്ന്യവാസം. ബ്രഹ്മസ്വം മഠത്തില്‍ പൊലീസ് സീന്‍ ഉണ്ടാക്കിയതിന് താന്‍ സാക്ഷിയാണ്. വെടിക്കെട്ട് മുടങ്ങിയതിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
11 മണിക്ക് തുടങ്ങിയ അനിശ്ചിതത്വം തീര്‍ന്നത് പുലര്‍ച്ചെ ആറ് മണിക്കാണ്. വെടിക്കെട്ടിന്‍റെ പൊലിമ പോയി. പകല്‍ വെടിക്കെട്ടും രാത്രി പൂരവും എന്ന സ്ഥിതിയാക്കിയത് സര്‍ക്കാരെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇതില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കുണ്ട്.
പൂരം അട്ടിമറി അന്വേഷിക്കണം. പൊലീസിനെ കയറൂരി വിട്ടത് എന്തിനെന്ന് അന്വേഷിക്കണം. സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചതാണോയെന്ന് സംശയമുണ്ട്. ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമുള്ളയിടത്ത് പൊലീസ് ഇങ്ങനെ അഴിഞ്ഞാടുമോ? വ്യക്തമായ ചില ഹിഡന്‍ അജണ്ടകളുണ്ട്.
Also Read:അമിതമായ പൊലീസ് ഇടപെടൽ ; പ്രതിഷേധിച്ച് ദേവസ്വങ്ങൾ, പ്രധാന വെടിക്കെട്ട് നടന്നത് 4 മണിക്കൂറോളം വൈകി
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. രാത്രിയുണ്ടായ സംഭവങ്ങൾ മന്ത്രി രാജൻ സ്ഥലത്തുണ്ടായിട്ടും എന്തിന് പകൽ വരെ വൈകിച്ചു. അസുഖമായതിനാൽ പൂരത്തിനു പോലും വരാത്ത ബിജെപി സ്ഥാനാർഥി ഓടിയെത്തിയതും ഈ ഹിഡൻ അജണ്ടയുടെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.