കണ്ണൂര്‍: തൃശ്ശൂരിലെ തോൽവിയുടെ മുറിവുണക്കാൻ മുരളിക്ക് എന്ത് നൽകുമെന്ന രാഷ്‌ട്രീയ ചർച്ചകളാണ് യുഡിഎഫിലും കോൺഗ്രസിലും നടക്കുന്നത്. വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് എംപിയോ അതോ മറ്റു പദവികളോ?
രാഹുൽ ഗാന്ധി ഏതു മണ്ഡലം ഒഴിവാക്കുമെന്ന് മറുപടി പറയും വരെ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് പ്രസക്തിയില്ലെങ്കിലും റായ്ബേറെലി പോലുള്ള മണ്ഡലം ഉപേക്ഷിക്കാനുള്ള സാധ്യത വളരെ വിരളമാണ്. അതിനാൽ തന്നെ വയനാട് പാർലമെൻറ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പാണ്. പ്രതിസന്ധിഘട്ടത്തിൽ രാഹുൽഗാന്ധിയെ സുരക്ഷിതമായി സംരക്ഷിച്ച പാർലമെൻറ് മണ്ഡലം ഗാന്ധി കുടുംബം കയ്യൊഴിയാൻ ഉള്ള സാധ്യതയും കുറവാണ്. അങ്ങനെ വന്നാൽ വയനാട് മത്സരിക്കാൻ പ്രിയങ്കക്ക് മേൽ സമ്മർദമേറിയേക്കും.
ചേലക്കരയിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അതേസമയത്ത് തന്നെ വയനാട്ടിലും ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതകളാണ് രാഷ്‌ട്രീയ നിരീക്ഷകർ മുന്നിൽ കാണുന്നത്. 2009 ൽ വയനാട് പാർലമെൻറ് മണ്ഡലത്തിൽ ഡിഐസി- എൻസിപി പിന്തുണയിൽ മത്സരിച്ച മുരളീധരൻ 99663 വോട്ടോടു കൂടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ പരിചയ സമ്പത്ത് ആണ് മുരളിയെ ഒരു വിഭാഗം അണികൾ വയനാട്ടിലേക്ക് ഉയർത്തികാട്ടാൻ കാരണം. എങ്കിൽ പോലും ബിജെപിക്കെതിരെ പോരാടി പരാജയപ്പെട്ട മുരളിയെ കോൺഗ്രസിന്‍റെ ഉറച്ച സീറ്റിൽ ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക എന്ന ദൗത്യത്തിന് മുരളിയും നേതൃത്വവും നിൽക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.