തിരുവനന്തപുരം : കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം. സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമലിന്‍റെ പരാതിയിൽ യുവജനോത്സവത്തിലെ മൂന്ന് വിധികർത്താക്കളെ കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജി, ജോമച്ച്, സൂരജ് എന്നീ വിധികർത്താക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ വിധിയിൽ മുൻപും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ടെന്നും ഇന്നലെ നടന്ന മാർഗ്ഗം കളിയിൽ മത്സരാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യമുണ്ടായപ്പോഴാണ് വിഷയത്തിൽ പരിശോധന നടത്തിയതെന്നും സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ ഇ ടി വി ഭാരതിനോട് പറഞ്ഞു.
മൂവരുടെയും ഫോണുകൾ അവരുടെ സമ്മതത്തോടെ തന്നെ പരിശോധിച്ചു. പരിശോധനയിൽ പക്ഷാപാതതോടെ വിധി പറയാൻ അജ്ഞാത നമ്പറിൽ നിന്നും ഇവർക്ക് നിർദേശം സ്ഥിരമായി ലഭിക്കുന്നതായി മനസിലാക്കിയെന്നും ചെയർമാൻ പറഞ്ഞു. ഉടൻ തന്നെ അപ്പീൽ കമ്മിറ്റി യോഗം ചേർന്ന് താത്കാലികമായി യുവജനോത്സവം നിർത്തിവെച്ചു.