തിരുവനന്തപുരം: ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജയിംസ് ജോസഫ്. സംശയമുളള അഞ്ജാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷണം വ്യാപിപ്പിച്ചില്ലെന്നാണ് ജസ്‌നയുടെ പിതാവ് ആരോപിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോപണം ഉന്നയിച്ചത്.
സിബിഐ സംഘം ശരിയായ ദിശയില്‍ കേസ് അന്വേഷിക്കുമെങ്കില്‍ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അഞ്ജാത സുഹൃത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിലെ ചെറിയ വീഴ്‌ച പോലും വലിയ പിശകില്‍ കലാശിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിബിഐ സംഘം തന്‍റെ പുറകിലുണ്ടെന്ന് ബോധ്യമായാല്‍ അഞ്ജാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്നാണ് ജെയിംസ് ജോസഫിന്‍റെ പേടി.
രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാന്‍ തയ്യാറാകുന്നതെങ്കില്‍ ആളിന്‍റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പിതാവ് കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജസ്‌ന വ്യാഴാഴ്‌ചകളിൽ രഹസ്യമായി പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവ് അവകാശപ്പെടുന്നു. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്‌ചയാണ്. എന്നാൽ ഈ ദിശയില്‍ സിബിഐ അന്വേഷണം എത്തിയില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്.