തിരുവനന്തപുരം: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ സീൽ ചെയ്‌ത കവറിൽ കൈമാറാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. കേസ് മെയ് മൂന്നിന് വീണ്ടും പരിഗണിക്കും. കേസിന്‍റെ മുഴുവൻ സാധ്യതകളും നേരത്തെ പരിശോധിച്ചതാണെന്നും, പുതിയ തെളിവുകൾ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെങ്കിൽ സീൽ ചെയ്‌ത കവറിൽ സമർപ്പിക്കാനും സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടു. പുതിയ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്നും സിബിഐ അറിയിച്ചു.
ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും, ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജയിംസ് ജോസഫിന്‍റെ ഹർജിയിൽ പറയുന്നത്. ജസ്‌നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്.
അതേസമയം പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ജസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജസ്‌ന വീട്ടിൽ നിന്ന് പോകുന്നതിനു ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും, ഇതിന്‍റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു.