തിരുവനന്തപുരം : കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതായി ചാനല്‍ അധികൃതര്‍ (Jaihind TV bank accounts were frozen by the I-T department). ന്യൂസ് ചാനലിന്‍റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്‌കാസ്റ്റിങ്ങിൽ നിന്ന് കേന്ദ്ര സർക്കാരിന് നൽകാനുള്ള തുക തിരിച്ചുപിടിക്കാന്‍ രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകൾക്ക് തിരുവനന്തപുരത്തെ സെൻട്രൽ ജിഎസ്‌ടി, സെൻട്രൽ എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണറുടെ ഓഫിസ് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് ചാനല്‍ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ട് ഇന്‍കം ടാക്‌സ് വിഭാഗം മരവിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജയ്ഹിന്ദ് ടിവിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം.
മുമ്പ്, ജയ്ഹിന്ദ് ചാനലിന്‍റെ മുഴുവന്‍ നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ തേടി സിബിഐ നോട്ടിസ് നല്‍കിയത് വാര്‍ത്തയായിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന്‍റെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐ ചാനലിന് നോട്ടിസ് നല്‍കിയത്.
നടപടി തീർത്തും അപ്രതീക്ഷിതമാണെന്നും ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണെന്നും ചാനലിന്‍റെ മാനേജിങ് ഡയറക്‌ടർ ബി എസ് ഷിജു പ്രതികരിച്ചു. നടപടി മൂലം ചാനലിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ 22 ന് ശിവകുമാറും കുടുംബാംഗങ്ങളും ചാനലില്‍ നടത്തിയ നിക്ഷേപത്തിന്‍റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ചാനലിന് നോട്ടിസ് ലഭിച്ചിരുന്നുവെന്ന് ഷിജു പറഞ്ഞു.