യാദഗിരിഗുട്ട: ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും ഉയരം കൂടിയ വിമാന ഗോപുരം തെലങ്കാനയില്‍ ഉയരുന്നു. യാദഗിരിഗുട്ടയിലെ ശ്രീ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് 68 കിലോഗ്രാം സ്വർണ്ണം പൂശിയ 50.5 അടി ഉയരമുള്ള ഗോപുരം ഉയരുന്നത്. 10,759 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ളതാണ് വിമാന ഗോപുരം. ഗോപുരം ഞായറാഴ്‌ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും.
മഹാകുംഭാഭിഷേക സംപ്രോക്ഷണ മഹോത്സവങ്ങളുടെ ഭാഗമായാണ് ഉദ്ഘാടനം നടക്കുന്നത്. തുടർന്ന് ഗോപുരത്തിന്‍റെ ഔപചാരിക സമർപ്പണം നടക്കും. ഉത്സവ വേളയിൽ പഞ്ചകുണ്ഡമഠിക നരസിംഹ മഹായാഗം നടത്തും. തുടര്‍ന്ന് സ്വർണ്ണം പൂശിയ വിമാന ഗോപുരം ദേവന് സമർപ്പിക്കും. ക്ഷേത്ര പരിസരത്ത് ഒരു ലക്ഷത്തോളം ഭക്തർക്ക് സൗജന്യ പുലിഹോര പ്രസാദം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വനമാമല മഠാധിപതി മധുരകവി രാമാനുജ ജീയർസ്വാമിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. 40 പുണ്യനദികളിൽ നിന്ന് വെള്ളം ശേഖരിച്ചാണ് മഹാ സംപ്രോക്ഷണ ചടങ്ങിനായി ഉപയോഗിക്കുന്നത്. യാദഗിരിഗുട്ട ക്ഷേത്ര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ചടങ്ങ് കാണാൻ ധാരാളം ഭക്തർ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 ഡിസംബർ 1 മുതൽ 2025 ഫെബ്രുവരി 18 വരെ സമയമെടുത്ത് ഏകദേശം 50 തൊഴിലാളികള്‍ ചേര്‍ന്നാണ് സ്വര്‍ണം പൂശല്‍ പൂര്‍ത്തിയാക്കിയത്. 5.10 കോടി രൂപയാണ് സ്വർണ്ണം പൂശാനായി ചെലവ് വന്നത് എന്നാണ് കണക്ക്. ചെമ്പ് ഇല നിർമിക്കുന്നതിന് ഏകദേശം 12 ലക്ഷം രൂപയും ചെലവ് വന്നു.