കേരളം

kerala

ETV Bharat / state

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്‌ച - BASELIOS THOMAS BAVA DIED IN KOCHI

അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. ഭൗതിക ശരീരം കോതമംഗലം ചെറിയ പള്ളിയിൽ പൊതുദർശനത്തിന് വെക്കും.

JACOBITE CHURCH HEAD DEATH  PRIEST BASELIOS THOMAS BAVA DIED  CHRISTIAN PROMINENT PRIESTS KERALA  LATEST MALAYALAM NEWS
Baselios Thomas Bava (ETV Bharat)

By ETV Bharat Kerala Team

Published : Oct 31, 2024, 7:17 PM IST

എറണാകുളം: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ (95) അന്തരിച്ചു. വൈകുന്നേരം 5.21 ന് മരണം സംഭവിച്ചതായി സഭാ നേതൃത്വം അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ശനിയാഴ്‌ച (നവംബർ 2) നടക്കും.

വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ആറു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം കൊച്ചി ആസ്‌റ്റർ മെഡിസിറ്റി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് വെക്കും. നാളെ ( നവംബർ 1) രാവിലെ 8 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ വെച്ച് പ്രാർത്ഥന ചടങ്ങുകൾ നടത്തും.

രാവിലെ 9.30 ന് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്‍റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേരും. തുടർന്ന് 10.30 ന് സംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കും. ഉച്ച നമസ്‌കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ മൃതദേഹം എത്തിക്കും.

നാല് മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്‍ററിൽ ഭൗതിക ശരീരം എത്തിക്കും. ശേഷം പൊതുദർശനത്തിന് അവസരം ഒരുക്കും. ശനിയാഴ്‌ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെന്‍റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബ്ബാന നടക്കും.

ശനിയാഴ്‌ച മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകൾ ആരംഭിക്കും. ബാവയുടെ വിയോഗത്തിൽ പള്ളികളിലും സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപനങ്ങളിലും നവംബർ 1, 2 തീയതികളിൽ അവധി നൽകും. സഭയുടെ ദേവാലയങ്ങളിൽ ദുഖാചരണമായതിനാൽ പെരുന്നാൾ ആചരണങ്ങളും ആഘോഷങ്ങൾ ഇല്ലാതെ നടത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

ആരോഗ്യകരമായ കാരണങ്ങളെ തുടർന്ന് ബാവ, 2019 മെയ് മാസം മുതൽ യാക്കോബായ സുറിയാനി സഭയുടെ ഭരണപരമായ ചുമതലകളിൽ നിന്നും ഒഴിവായിരുന്നു. എന്നാൽ ആത്മീയ നേതൃത്വം നൽകി വരികയായിരുന്നു. നിരവധി അവകാശ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മലങ്കര സഭാ പ്രശ്‌നത്തിൽ യാക്കോബായ സുറിയാനി സഭയെ മുന്നിൽ നിന്ന് നയിച്ച ആത്മീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം. 1929 ജൂലൈ 22 ന് ജനിച്ച തോമസ് പ്രഥമൻ ബാവ, 1958 ൽ വൈദിക പട്ടം സ്വീകരിച്ചു. 1974 ൽ അങ്കമാലി ഭദ്രാസാധിപനായി. 2002 ലാണ് കാതോലിക്കാ ബാവയായത്. തുടർന്ന് ഇങ്ങോട്ട് യാക്കോബായ സഭയുടെ അജയ്യ നേതൃത്വമായി തുടരുകയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബാവയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

Also Read:ഓർത്തഡോക്‌സ് യാക്കോബായ പളളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യം

ABOUT THE AUTHOR

...view details