എറണാകുളം:മലയാളത്തിലെ പ്രശസ്‌തരായ ഛായാഗ്രാഹകരിൽ ഒരാളാണ് നീൽ ഡി കുഞ്ഞ (NEIL D' CUNHA ). നീ കൊ ഞാ ചാ, മണിരത്നം, ഫിലിപ്‌സ് ആൻഡ് മങ്കി പെൻ, മേപ്പടിയാൻ, ഹോം തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന റോജിൻ തോമസ് ചിത്രം കത്തനാർ ഒരുങ്ങുന്നത് നീൽ ഡി കുഞ്ഞയുടെ ക്യാമറ കണ്ണുകളിലൂടെയാണ്. 100 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന കത്തനാർ മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകളിലൊന്നാണ്. കത്തനാരുടെ വിശേഷങ്ങൾ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പങ്കുവക്കുകയാണ് നീൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന കത്തനാർ എന്ന സിനിമയുടെ എക്സൈറ്റ്മെെൻ്റിലാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് നീൽ ഡി കുഞ്ഞ ആരംഭിച്ചത്. കത്തനാർ എന്ന സിനിമയിൽ ഛായാഗ്രാഹകനായി പ്രവർത്തിക്കുവാൻ മനസിനെ പാകപ്പെടുത്തുന്നതിന് വേണ്ടി കരിയറിൽ നിന്നും ഒരു വർഷം ഇടവേളയെടുത്തുവെന്ന് നീൽ ഡി കുഞ്ഞ പറയുന്നു.
"ഒമ്പതാം നൂറ്റാണ്ടാണ് കത്തനാർ എന്ന സിനിമയുടെ കഥാ പശ്ചാത്തലം. ഇന്ത്യയിൽ ആദ്യമായി 35 ശതമാനത്തിലധികം രംഗങ്ങൾ വെർച്വൽ പ്രൊഡക്ഷനിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് കത്തനാർ. പല ഹോളിവുഡ് സിനിമകളും അവലംബിക്കുന്ന രീതിയാണിത്. അതായത് കഥാപാത്രങ്ങളായി മനുഷ്യനോ യഥാർഥ ലൊക്കേഷൻസോ ഒരു സീൻ ചിത്രീകരിക്കാൻ ആവശ്യമില്ല. ടെക്നോളജിയുടെ സഹായത്തോടെ ഇതെല്ലാം സൃഷ്‌ടിച്ചെടുക്കാം. അവതാർ അടക്കമുള്ള സിനിമകൾ ചിത്രീകരിച്ചിരിക്കുന്നത് ഈ ഒരു ടെക്നോളജി ഉപയോഗപ്പെടുത്തിയാണ്." പക്ഷേ അവതാർ സിനിമയുമായി ഒരിക്കലും കത്തനാർ എന്ന സിനിമയെ താരതമ്യപ്പെടുത്തരുതെന്നും ഛായാഗ്രാഹകൻ ഓർമ്മിപ്പിക്കുന്നു.
ഫോട്ടോ ഗ്യാമെറ്ററി എന്നൊരു ടെക്നോളജി കത്തനാർ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് നീൽ ഡി കുഞ്ഞ പറഞ്ഞു. "അതായത് 150ലധികം ക്യാമറകൾ ഒരേസമയം ഉപയോഗിച്ച് അഭിനേതാവിൻ്റെ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളും ഷൂട്ട് ചെയ്തെടുക്കും. ശേഷം ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ആ അഭിനേതാവ് ചെയ്യുന്ന കഥാപാത്രത്തെ ത്രീഡിയിൽ സൃഷ്‌ടിച്ചെടുക്കുകയാണ് ചെയ്യുക." ബാംഗ്ലൂരിലാണ് സിനിമയുടെ ഫോട്ടോ ഗ്യാമെറ്ററി വർക്കുകൾ ചെയ്‌തതെന്ന് നീൽ ഡി കുഞ്ഞ പറഞ്ഞു.
ത്രീഡി കഥാപാത്രങ്ങൾ കൂടി ഉൾക്കൊള്ളുന്ന തരത്തിലാണോ കത്തനാർ ഒരുങ്ങുന്നത് എന്നൊരു ചോദ്യത്തിന് കൂടുതൽ വിശദാംശങ്ങൾ പുറത്ത് പറയാൻ സാധിക്കില്ലെന്നായിരുന്നു മറുപടി. കത്തനാർ സിനിമയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന പല ടെക്നോളജിയും ഇന്ത്യൻ സിനിമയിൽ ആദ്യമായാണെന്ന് ഛായാഗ്രാഹകൻ പറയുന്നു.
കത്തനാർ എന്ന സിനിമയുടെ സംവിധായകൻ റോജിൻ തോമസ് സംവിധാനം ചെയ്‌ത ഹോം എന്ന ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് നീൽ ഡി കുഞ്ഞയായിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്‌ക ഷെട്ടി ആദ്യമായി മലയാളത്തിലേക്കെത്തുന്നുവെന്ന പ്രത്യേകതയും കത്തനാർക്കുണ്ട്. 2024ൽ കത്തനാർ എന്ന സിനിമയുടെ ആദ്യഭാഗം തിയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പരിസമാപ്‌തിയിൽ എത്താത്തതിനാൽ റിലീസിങ് മാറ്റിവയ്ക്കുകയായിരുന്നു. ഇനിയും ചിത്രത്തിനുവേണ്ടി ഏകദേശം 10 ദിവസത്തെ ഷൂട്ടിംഗ് ആവശ്യമാണെന്ന് ഛായാഗ്രാഹകൻ പറയുന്നു. ഇനിയുള്ള 10 ദിവസങ്ങൾ റോം എന്ന രാജ്യത്താണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.
ചിത്രം 2025 ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും ഛായാഗ്രാഹകൻ വെളിപ്പെടുത്തി. ജയസൂര്യ - അനുഷ്‌ക ഷെട്ടി എന്നിവരോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങളെക്കുറിച്ചും ഛായാഗ്രാഹകൻ തുറന്നുപറഞ്ഞു.
മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വലിയ താരമൂല്യമുള്ള അനുഷ്‌ക ഷെട്ടിയെ പോലുള്ള ഒരു ആർട്ടിസ്റ്റിനോടൊപ്പം വർക്ക് ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് നീൽ ഡി കുഞ്ഞ പറയുകയുണ്ടായി. അതി സുന്ദരിയായ ഒരു സ്ത്രീ. മികച്ച സ്വഭാവ ഗുണം കൂടി ചേർത്ത് വായിച്ചാൽ അനുഷ്‌ക ഷെട്ടിയെന്ന അഭിനയേത്രിയുടെ സൗന്ദര്യം പതിന്മടങ്ങ് വർധിക്കുന്നതായി അനുഭവപ്പെടുമെന്ന് നീൽ സാക്ഷ്യപ്പെടുത്തുന്നു.
"ഞാൻ ക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ സാധാരണ നോക്കുമ്പോൾ കുറെ കണക്കുകളാണ് മനസിൽ വരുന്നത്. ഫ്രെയിമിൻ്റെ കമ്പോസിംഗ്, ലൈറ്റ്, ആർട്ടിസ്റ്റിൻ്റെ പൊസിഷൻ, ഷാഡോ, ക്യാമറയുടെ മൂവ്മെൻ്റ് അങ്ങനെ നിരവധി കാര്യങ്ങൾ. പക്ഷേ അനുഷ്‌ക ഷെട്ടി ഫ്രെയിമിലേക്ക് കയറി നിന്നാൽ ഇത്തരം സാങ്കേതിക വശങ്ങൾക്കപ്പുറത്തേക്ക് ഞാൻ പതിയെ ചിന്തിച്ചു തുടങ്ങും. നടക്കുന്നത് ഷൂട്ടിംഗ് പ്രോസസ് ആണെന്ന് അറിയാമെങ്കിലും അതൊരു സിനിമയായിട്ടാണ് വ്യൂ ഫൈൻഡറിലൂടെ ഞാൻ കണ്ടത്.
അനുഷ്‌ക ഷെട്ടിയുടെ അതേ ഓറ ജയസൂര്യയ്‌ക്കും ഉണ്ടായിരുന്നുവെന്ന് എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തോടൊപ്പം ഫിലിപ്‌സ് ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിൽ ഞാൻ വർക്ക് ചെയ്‌തിരുന്നു. പക്ഷേ ഈ സിനിമയിലെ ജയസൂര്യ ഒരിക്കലും പിടികിട്ടാത്ത ഒരു അഭിനേതാവായി എനിക്ക് ഫീൽ ചെയ്‌തു. അനുഷ്‌ക ഷെട്ടി എന്ന അഭിനേത്രിയുടെ എനർജി എടുത്തു പറയേണ്ടതാണ്.
ആ എനർജി സെറ്റിൽ ഉള്ളവർക്കും അവർ പകർന്നു നൽകും. പൊതുവേ ഗൗരവക്കാരിയാണെന്ന് തോന്നുമെങ്കിലും സൗഹൃദമായി കഴിഞ്ഞാൽ നിർത്താതെ സംസാരിക്കുന്ന പ്രകൃതമാണ് അനുഷ്‌കയുടേത്. നല്ല ലോക ജ്ഞാനം ഉണ്ട് അവർക്ക്. എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവുണ്ട്. അനുഷ്‌ക ഫ്രെയിമിൽ വന്ന് കഴിഞ്ഞാൽ എത്ര ലൈറ്റപ്പ് ചെയ്‌താലും എനിക്ക് തൃപ്‌തിയാകാറില്ല. ഇനിയും അവരെ ഭംഗിയാക്കണം, ഇനിയും അവരെ ഭംഗിയാക്കണമെന്ന ഒരു ചിന്തയാണ് മനസിൽ.
സംവിധായകൻ മനസിൽ കണ്ട ഒരു ഫ്രെയിം സെറ്റ് ചെയ്‌ത് കൊടുത്താലും അനുഷ്‌ക ഷെട്ടി ഫ്രെയിമിൽ ഉണ്ടെങ്കിൽ എൻ്റെ വർക്കിൽ ഒരു തൃപ്‌തിക്കുറവ് എനിക്ക് തോന്നാറുണ്ട്. അത്രയും ഭംഗിയുള്ള ഒരു സ്ത്രീയാണ് അവർ. എത്രയൊക്കെ ലൈറ്റിംഗ് പാറ്റേണിൽ പരീക്ഷണങ്ങൾ നടത്തുന്നുവോ അത്രയും ഭംഗി അവർക്ക് വർധിക്കും. ഫ്രെയിമിൽ വന്ന് നിൽക്കുമ്പോൾ തന്നെ ഹൃദയത്തിൽ സ്‌പർശിക്കുന്ന സൗന്ദര്യ പ്രഭയാണ് അനുഷ്‌കയ്ക്കുള്ളത്." അനുഷ്‌കയുടെ സീനുകൾ എത്രയധികം ഷൂട്ട് ചെയ്‌താലും മതിയാകില്ലെന്നൊരു തോന്നൽ സംഭവിക്കുമെന്ന് നീൽ ഡി കുഞ്ഞ വ്യക്തമാക്കി.
ജയസൂര്യ എന്ന നടൻ്റെ ഡെഡിക്കേഷൻ
ഒരു സിനിമയ്ക്ക് വേണ്ടി മാത്രം മൂന്നോ അതിലധികം വർഷമോ മാറ്റിവെച്ച് മറ്റൊരു പ്രോജക്‌ടും കമ്മിറ്റ് ചെയ്യാതെ സഹകരിക്കുന്ന ആദ്യ മലയാള നടൻ ജയസൂര്യയാണെന്ന് നീൽ ഡി കുഞ്ഞ പറയുന്നു.
"ഇതുവരെ കണ്ട ജയസൂര്യ ആയിരിക്കില്ല നിങ്ങൾ കത്തനാർ എന്ന സിനിമയിൽ കാണാൻ പോകുന്നത്. ഏകദേശം മൂന്നുവർഷം ചിലപ്പോൾ അതിൽ അധികം അയാൾ ഈ സിനിമയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ജയസൂര്യ അഭിനയിക്കുന്ന ഒരു സിനിമ പുറത്തിറങ്ങിയിട്ട് എത്ര വർഷമായി എന്ന് നിങ്ങൾ ചിന്തിക്കണം." മലയാളത്തിൽ മറ്റൊരു നടനും കാണിക്കാത്ത സാഹസവും ഡെഡിക്കേഷനുമാണ് കത്തനാർ എന്ന സിനിമയ്ക്കുവേണ്ടി ജയസൂര്യ എടുക്കുന്നതെന്ന് നീൽ പറയുകയുണ്ടായി.