കൊടും ചൂടിൽ വലഞ്ഞ് കര്‍ഷകര്‍ (Source: Etv Bharat Reporter) കോട്ടയം : കൊടുംചൂടിൽ നെല്ല് കരിഞ്ഞു, കർഷകർക്ക് കണ്ണീർക്കൊയ്ത്ത്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലും കൊടും ചൂടിൽ നെല്ല് കരിഞ്ഞു പതിരായി മാറി. നെല്ല് കൊയ്തെടുത്തെങ്കിലും മുൻകാലത്തെ പകുതിപോലും കിട്ടിയില്ലെന്ന് കർഷകർ പറയുന്നു. വേനൽ ചൂടിൽ കരിഞ്ഞുണങ്ങിയത് കർഷകരുടെ പ്രതീക്ഷകളാണ്.
വലിയ വിളവ് പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകരെ കൊടുംചൂട് ചതിച്ചു. മാസങ്ങളായി തുടരുന്ന ചൂടിൽ നെൽ ചെടികൾ കരിഞ്ഞുണങ്ങി കതിരുകൾ പതിരായി മാറി. കഠിനമായ വേനൽ ചൂടിൽ കൃഷി നശിക്കുകയായിരുന്നു. എങ്കിലും കരിഞ്ഞുണങ്ങിയ നെല്ല് കർഷകർ കൊയ്‌തു കൂട്ടി. കുറച്ചെങ്കിലും നെല്ല് കിട്ടുമെന്ന അവസാന പ്രതീക്ഷയിലാണ് കർഷകർ.
പുതുപ്പള്ളി അമ്പാട്ട് കടവിന് സമീപത്തെ ഏക്കർ കണക്കിന് വരുന്ന പാടശേഖരത്തെ ഭൂരിഭാഗം നെല്ലും കൊടും ചൂടിൽ കരിഞ്ഞു പോയി. ഏക്കറിന് 22 ഉം 23 ഉം ക്വിൻ്റൽ നെല്ല് കിട്ടിയിരുന്നിടത്ത് അഞ്ചു കിലോ പോലും കിട്ടിയില്ലെന്ന് കർഷകർ പറഞ്ഞു. വായ്‌പയെടുത്തും പണയം വച്ചും കൃഷിയിറക്കിയ കർഷകർ ഇനി എന്തു ചെയ്യണ മെന്നറിയാതെ കണ്ണീരിലാണ്.
കർഷകർക്ക് കിട്ടാനുള്ള സബ്‌സിഡികൾ പോലും ലഭിച്ചിട്ടില്ല അതിനിടെയാണ് കൊടും ചൂട് വില്ലനായി എത്തിയത്. അമിതമായ കൊയ്ത്തു കൂലിയും നൽകിയാണ് പാടം കൊയ്‌തെടുത്തത്. എന്നാൽ മാസങ്ങൾ കഠിനാധ്വാനം ചെയ്‌ത കർഷകരുടെ പ്രതീക്ഷകൾ ചൂട് തകർത്തു കളഞ്ഞു. ഇനി പിടിച്ചു നിൽക്കണമെങ്കിൽ സർക്കാർ സഹായം വേണമെന്നാണ് കർഷകർ പറയുന്നത്.
ALSO READ:പൊന്ന് വിളഞ്ഞ പാടത്ത് ഇന്ന് കണ്ണീരുപ്പ്, കാര്‍ഷിക സമൃദ്ധിയുടെ നിറംമങ്ങി മാവൂര്‍ പാടം; കർഷകരുടെ നടുവൊടിച്ച് കൊടുംചൂട്