എറണാകുളം :കൊച്ചിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പൊലീസ് പ്രതിയായ യുവതിയുടെ ഫോൺ കസ്‌റ്റഡിയിലെടുത്ത് പരിശോധിക്കുന്നു. യുവതിക്ക് തൃശൂർ സ്വദേശിയായ യുവാവുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നാണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്. ഇതിന് ശേഷമായിരിക്കും ഇയാളെ വിളിച്ച് ചോദ്യം ചെയ്യുക.
അതേസമയം യുവതി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. നവജാത ശിശുവിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്‌റ്റ്‌മോർട്ടം നടത്തുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മകൾ ഗർഭിണിയാണെന്ന് മനസിലാക്കാൻ കൂടെയുള്ള രക്ഷിതാക്കൾക്ക് കഴിഞ്ഞില്ലന്നത് അവിശ്വസനീയമാണെന്നാണ് നാട്ടുകാർ പറയുന്നത്.
യുവതിയുടെ പിതാവുമായി ഇന്ന് രാവിലെയും സംസാരിച്ചതായി ഫ്ലാറ്റിലെ സെക്യുരിറ്റി ജീവനക്കാരനായ കുര്യാക്കോസ് പറഞ്ഞു. ഇന്ന് രാവിലെ ജോലി പോകാൻ ഇറങ്ങിയപ്പോഴായിരുന്നു പെൺകുട്ടിയുടെ പിതാവിനെ കണ്ടത്. ഏത് ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന് അറിയില്ലന്നും ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൻ്റെ ഭാഗമായി ഫ്ലാറ്റിലുള്ളവർ പുറത്തേക്ക് പോകുന്നതിനും പുറത്തു നിന്നുള്ളവർ അകത്തേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹം ഫ്ലാറ്റിലേക്ക് തന്നെ മടങ്ങിയതെന്നും കുര്യാക്കോസ് വ്യക്തമാക്കി. അതേസമയം പെൺകുട്ടിയെ താൻ ഇന്നലെയും കണ്ടിരുന്നു. ഗർഭിണിയാണെന്ന് തോന്നിയിരുന്നില്ല. ഇവരുടെ ഫ്ലാറ്റിലേക്ക് പെൺകുട്ടികളായ കൂട്ടുകാരികൾ മാത്രമാണ് വരാറുള്ളത്. അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
പനമ്പിള്ളി നഗറിൽ റോഡിലാണ് ഇന്ന് രാവിലെ എട്ടുമണിയോടെ നവ ജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. നവജാത ശിശു റോഡിൽ വീഴുന്ന നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതോടെയാണ് സമീപത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിൽ പ്രതിയായ യുവതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. എന്നാൽ താൻ പീഢനത്തിനിരയായി ഗർഭിണിയായതായി യുവതി പൊലിസിന് മൊഴി നൽകുകയായിരുന്നു. ഇതോടെയാണ് പൊലീസ് രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങിയത്.
Also Read : കുഞ്ഞ് ബലാത്സംഗത്തിന് ഇരയായ യുവതിയുടേത്, എറിഞ്ഞത് മാതാപിതാക്കള്‍ അറിയാതെ ; 24കാരി കുറ്റം സമ്മതിച്ചതായി പൊലീസ് - Infant Death Kochi Latest Update