എറണാകുളം : ബേപ്പൂരിൽ നിന്നു 39 നോട്ടിക്കൽ മൈൽ അകലെ പുറം കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ യുവാവിന് വിദഗ്‌ധ ചികിത്സയൊരുക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട്ടിലെ കുളച്ചൽ സ്വദേശിയായ 26കാരന്‍ അജിനെയാണ് എയർലിഫ്റ്റ് ചെയ്‌ത് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്‌തികരമാണെന്ന് കോസ്‌റ്റ് ഗാർഡ് അറിയിച്ചു.
ബേപ്പൂരിൽ നിന്നും 14 പേരുമായി കടലിൽ പോയ ജസീറ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ് അപകടത്തിൽപെട്ട അജിൻ. ബോട്ടിലെ തൊഴിലാളികൾ തന്നെ അജിനെ കണ്ടെത്തി കടലിൽനിന്നു ബോട്ടിലെത്തിച്ചെങ്കിലും ശ്വാസകോശത്തിൽ കടൽ വെള്ളം കയറി ഗുരുതര അവസ്ഥയിലായിരുന്നു.
ബേപ്പൂരിലെ എഡി ഫിഷറീസ് ബേപ്പൂരിലെ മാരിടൈം റെസ്ക്യൂ സബ് സെൻ്ററിലെത്തിച്ച് (എംആർഎസ്‌സി) വൈദ്യസഹായം നൽകി. തുടർന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്. ഹെലികോപ്റ്ററിൽ വച്ച് തന്നെ അടിയന്തര ചികിത്സ കോസ്റ്റ് ഗാർഡ് ഉറപ്പാക്കിയിരുന്നു. ഇതിനായി മെഡിക്കൽ ടീമിനെയും ഹെലികോപ്റ്ററിൽ എത്തിച്ചിരുന്നു.