എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിലാണ് ഹര്‍ജി. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കണമെന്നാണ് ഹർജിയിലെ ആവശ്യം (Actrss assault case survivor approaches HC again).
കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ അനുമതിയില്ലാതെ പരിശോധിച്ചതില്‍ ജില്ലാ സെഷന്‍സ് ജഡ്‌ജാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ലഭ്യമാക്കണമെന്നുമാണ് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
കേസ് നീതിപൂര്‍വ്വമായി അന്വേഷിക്കണമെന്നും വിവോ ഫോണിന്‍റെ ഉടമയെ കണ്ടെത്തണമെന്നും അതിജീവിത ആവശ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു.
കോടതിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്‌തിട്ടുണ്ടെന്നുമായിരുന്നു അതിജീവിത കോടതയില്‍ ഉന്നയിച്ച വാദം.
കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത്. രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.