ഇടുക്കി :ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജയമുറപ്പെന്ന് ഇടുക്കിപാർലമെന്‍റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മുൻ എംപിയുമായ ജോയ്‌സ് ജോർജ്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം. കഴിഞ്ഞ കുറെ വർഷങ്ങളായി എൽഡിഎഫിന്‍റെ ഭാഗമായതിനാലാണ് പാർട്ടി ചിഹ്നം ലഭിച്ചതെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
2014ൽ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർഥിയായി എൽഡിഎഫ് പിന്തുണയിൽ മത്സര രംഗത്ത് എത്തിയ ജോയ്‌സ് ജോർജ്, ഡീൻ കുര്യാക്കോസിനെ പരാജയപെടുത്തി ഇടുക്കിയെ ഇടത് പാളയത്തിൽ എത്തിച്ചു. യുഡിഎഫിന്‍റെ ഉരുക്കു കോട്ടയായ ഇടുക്കിയിൽ അര ലക്ഷത്തിൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജോയ്‌സ് ജോർജ് വിജയിച്ച് കയറിയത്.
2019ലെ രണ്ടാം അങ്കത്തിൽ ഡീൻ കുര്യാക്കോസിനോട് പരാജയപ്പെട്ടു. ആദ്യ രണ്ട് തവണയും എൽഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായാണ് ജോയ്‌സ് ജോർജ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ സിപിഎമ്മിന്‍റെ ഔദ്യോഗിക സ്ഥാനാർഥി ആയാണ് മത്സരത്തിനിറങ്ങുന്നത് (Lok Sabha Election 2024).
അതേസമയം ഇടുക്കിപാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ഡീൻ കുര്യാക്കോസിന് തന്നെയാണ് സാധ്യത. സിറ്റിങ് എം പി ഡീൻ കുര്യാക്കോസിനെതിരായി ഇടതുമുന്നണി സ്ഥാനാർഥിയായി ജോയ്‌സ് ജോർജ് എത്തുന്നതോടെ ഇരുവരുടെയും ഹാട്രിക് പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുക.