ഇടുക്കി :ഇടുക്കിയുടെ സ്വപ്‌ന പദ്ധതിയായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിന്‍റെ പുരോഗതിക്കായുള്ള അപ്രോച്ച് റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസം നിൽക്കുന്നതായി പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. അപ്രോച്ച് റോഡിന്‍റെ നിർമ്മാണം കൂടി പൂർത്തിയായാൽ മാത്രമേ സത്രം എയർ സ്ട്രിപ്പ് യാഥാർഥ്യമാവുകയുള്ളുവെന്നും വനം വകുപ്പ് തടസ്സം നിൽക്കുന്ന വിവരം സംസ്ഥാന ഗവൺമെന്‍റിനെ ധരിപ്പിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ വാഴൂർ സോമൻ അറിയിച്ചു.
ഇടുക്കി ജില്ലയുടെ സ്വപ്‌ന പദ്ധതിയായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് 70 ശതമാനത്തോളം പൂർത്തിയായിരിക്കുകയാണ്. സത്രം എയർ സ്ട്രിപ്പിന്‍റെ പ്രവർത്തനങ്ങൾ പൂർണ്ണമായ തോതിൽ ആകണമെങ്കില്‍ ഒരു അപ്രോച്ച് റോഡ് കൂടി ആവശ്യമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എംഎൽഎ വാഴുർ സോമൻ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ച് അപ്രോച്ച് റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ട് അനുവദിപ്പിച്ചത്.
എന്നാൽ റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനിരിക്കെ വനം വകുപ്പ് തടസ്സവാദവുമായി മുൻപോട്ട് വന്നിരിക്കുകയാണെന്ന് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. സത്രം എയർസ്ട്രിപ്പിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുൻപ് തീരുമാനമെടുത്തതാണ്. എന്നാൽ വനം വകുപ്പ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്രോച്ച് റോഡിന്‍റെ കൂടി നിർമ്മാണം പൂർത്തിയായാൽ മാത്രമേ എയർസ്ട്രിപ്പ് എന്ന ജില്ലയുടെ സ്വപ്‌ന പദ്ധതി യാഥാർഥ്യമാവുകയുള്ളു. ഇതിനായി വിഷയം സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പീരുമേട് എംഎൽഎ വാഴൂർ സോമൻ അറിയിച്ചു.