കോഴിക്കോട് : പെട്രോളിയം സംഭരണിയിലെ ഇന്ധന ചോർച്ച പരിഹരിക്കാനാവാതെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. എലത്തൂരിലെ സംഭരണിയിൽ നിന്നും ഇപ്പോഴും ഡീസൽ ഒഴുകുയാണ്. 12,000 ലിറ്ററിലേറെ ഡീസൽ ഇന്നലെ (ഡിസംബർ 4) മാത്രം പുറത്തേക്ക് ഒഴുകിയിരുന്നു. ഇത് സാങ്കേതിക തകരാറല്ലെന്നും ടാങ്കിൽ ഉണ്ടായ ലീക്കാണെന്നുമാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.
അതേസമയം ഓവുചാലിലൂടെ ഇപ്പോഴും ഡീസൽ പുറത്തേക്ക് വരികയാണ്. കിണറുകളെ ഇത് ബാധിക്കുമോ എന്നതാണ് പ്രധാന ആശങ്ക. അതിനിടെ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന നടക്കും. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുക.
സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്‌ധ സംഘവും ഇന്നെത്തുമെന്ന് എച്ച്പിസിഎൽ അധികൃതർ വ്യക്തമാക്കി. മുന്നറിയിപ്പ് സംവിധാനം തകരാറിലായതാണ് ഡീസൽ ഒഴുകാൻ കാരണമെന്നാണ് കവനിയുടെ വിശദീകരണം. രാത്രി വൈകി ഡെപ്യൂട്ടി കലക്‌ടറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചിരുന്നു.