കാസർകോട്: സാധാരണ നമ്മുടെ നാട്ടിൽപുറങ്ങളിൽ കണ്ടുവരുന്ന വൃക്ഷമാണ് പന. ആനപ്പന, ഈറമ്പന, ചൂണ്ടപ്പന എന്നീ പേരുകളിലും അറിയപ്പെടുന്ന പനകളിൽ വളരെ മനേഹരമായി കുലച്ചുനിൽക്കുന്ന പനങ്കുരുക്കൾ (പനയുടെ കായ) നമ്മൾ പലരും കണ്ടിട്ടുണ്ടാകും. പലരും സ്‌ത്രീകളുടെ തലമുടിയുമായി പനങ്കുലയെ വർണിക്കാറുണ്ട്. എന്നാൽ ആ പനങ്കുരുവിന്‍റെ മൂല്യം പലർക്കും അറിയില്ല. വീണുകിടക്കുന്ന പനങ്കുരു ശേഖരിച്ചാൽ കൈ നിറയെ പണം ലഭിക്കുമെന്ന കാര്യം പലരും ഇനിയും അറിഞ്ഞുകാണില്ല.
വീണു കിടന്നാലും പനങ്കുരു ആരും ശേഖരിക്കാറില്ല. എന്നാൽ ആർക്കും വേണ്ടാതിരുന്ന പനങ്കുരുവിനും വിപണിയായതോടെയാണ് ആളുകൾ ശേഖരിക്കാൻ തുടങ്ങിയത്. ഒരു കിലോ ഒന്നാതരം പനങ്കുരുവിന് 60 മുതൽ 80 രൂപവരെ വിലകിട്ടുണ്ടെന്നും രണ്ടാംതരത്തിന് 30 രൂപവരെയും ലഭിക്കുന്നുണ്ടെന്നും വിൽപന നടത്തുന്നവർ പറയുന്നു. നല്ല ഒരു കുലയിൽ നിന്ന് 5000 രൂപവരെ ഉണ്ടാക്കിയവരുമുണ്ട്.
നല്ല വില കിട്ടാൻ തുടങ്ങിയതോടെ പന തേടി നടക്കുന്നവരെയും ഇപ്പോൾ കാണാം. ഇതര സംസ്ഥാന തൊഴിലാളികളും പന തേടി നാട്ടിൻ പുറങ്ങളിൽ എത്തുന്നുണ്ട്. രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇത് കയറ്റി കൊണ്ടുപോകുന്നത്. വീടുകളിലെത്തി ശേഖരിക്കുന്നതിനും പ്രത്യേക ഏജൻസികൾ ഉണ്ട്. ശേഖരിക്കുന്ന പനങ്കുരു (കാരിയോട്ട യൂറെൻസ്) സംസ്ഥാനത്തെല്ലായിടത്തും വളരുന്നുണ്ട്.