സമൃദ്ധിയുടെയും സ്‌നേഹത്തിന്‍റെ ഒത്തൊരുമയുടെയും ആഘോഷമാണ് ഓണം. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് എന്നും ഒരു ഉത്സവമാണ് ഓണം. ലോകത്തെവിടെയാണെങ്കിലും മലയാളി ഓണം ആഘോഷിക്കും.
പൂക്കളമൊരുക്കുന്നതിലും സദ്യയൊരുക്കുന്നതിലും കോടിയണിയുന്നതിലും എല്ലാ മലയാളിക്കും പ്രത്യേക താത്‌പര്യമാണ്. എന്നാല്‍ അതില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു കാര്യമാണ് വൃത്തിയാക്കല്‍. ഓണത്തിന് വീട്ടിലെത്തുന്ന വിരുന്നുകാരെ സ്വീകരിക്കുന്നതിനായി വീടും പരിസരവും വൃത്തിയാക്കുന്നതും അലങ്കരിക്കുന്നതും മലയാളികളുടെ ഉത്സവത്തിന്‍റെ ഭാഗമാണ്.
എങ്ങനെ വീട് അലങ്കരിക്കാം
മുറ്റത്തെ പൂക്കളമാണ് ഓണ അലങ്കാരങ്ങളില്‍ ഏറ്റവും പ്രധാനം. ഓട്ടുപാത്രങ്ങൾ, ഓലക്കുട, ഓണത്തപ്പന്‍ പോലുളള കേരളത്തനിമ വിളിച്ചോതുന്ന വസ്‌തുക്കള്‍ ഉപയോഗിച്ചും വീട് മനോഹരമാക്കാം. ലിവിങ് റൂം, ഡൈനിങ് റൂം പോലുളള ശ്രദ്ധ കിട്ടുന്ന ഇടങ്ങളിൽ വേണം ഇവ പ്രദർശിപ്പിക്കാന്‍. കൂടാതെ, സന്തോഷവും സമൃദ്ധിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മഞ്ഞ, പച്ച, ചുവപ്പ് തുടങ്ങിയ നിറങ്ങളിലുളള അലങ്കാര വസ്‌തുക്കള്‍ തെരഞ്ഞെടുക്കുന്നത് വീടിനുളളില്‍ ഓണത്തിന്‍റെ പ്രതീതി ജനിപ്പിക്കാന്‍ സഹായക്കും.
പൂക്കൾ
ഓണം പൂക്കളുടെ കൂടെ ഉത്സവമാണ്. അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റത്ത് മാവേലിയെ വരവേല്‍ക്കാന്‍ പൂക്കളം ഒരുക്കും. ഇത് മാത്രമല്ല, വീട് അലങ്കരിക്കാനും പൂക്കൾ ഉപയോഗിക്കാം.
വീട് അലങ്കരിക്കാന്‍ ഏറ്റവും അനുയോജ്യം മഞ്ഞയും ഓറഞ്ചും നിറത്തിലുളള ജമന്തി പൂക്കളാണ്. ഉത്സവാന്തരീക്ഷം സൃഷ്‌ടിക്കാന്‍ ജമന്തി പൂക്കള്‍ സഹായിക്കും. കൂടാതെ കുരുത്തോലയും കതിരും ഉപയോഗിച്ചും വീട് അലങ്കരിക്കാം.
ഇത് കേരള തനിമയും പാരമ്പര്യവും മനസില്‍ നിറയ്‌ക്കും. കൂടാതെ ഓട്ടുപാത്രങ്ങളില്‍ വെളളം നിറച്ച് പൂക്കള്‍ ഇട്ടുവയ്‌ക്കുന്നതും വീട് കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കുന്നതാണ്.
ഫർണിച്ചർ
മോഡേൺ ഫര്‍ണിച്ചറിന് പകരം തടികൊണ്ടുളള ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നതാണ് ഓണത്തിന്‍റെ പാരമ്പര്യ തനിമ വീടിനകത്ത് കൊണ്ടുവരാന്‍ അനുയോജ്യം. കേരളത്തിന്‍റെ തനത് കലാരൂപങ്ങളുടെയോ മറ്റും ചിത്രങ്ങളുളള കുഷ്യൻ കവറുകളും ഉപയോഗിക്കാം.