തൃശൂർ:ഹണി ട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ കേസിലെ പ്രതികൾ അറസ്റ്റില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജന്‍, ഫെബി എന്നിവരാണ് പിടിയിലായത്. തൃശൂർ പൂങ്കുന്നം സ്വദേശിയായ വയോധികന്‍റെ പരാതിയിലാണ് അറസ്‌റ്റ്. സോഷ്യല്‍ മീഡിയ വഴി ഹണി ട്രാപ്പിൽ കുടുക്കിയാണ് പ്രതികൾ പണം തട്ടിയെടുത്തത്.
സോഷ്യല്‍ മീഡിയയിലൂടെ രണ്ട് വർഷം മുമ്പാണ് പരാതിക്കാരന്‍ യുവതിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് സ്ഥിരമായി ബന്ധം പുലര്‍ത്തിയ ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു. ഇക്കാലയളവില്‍ പലതവണകളായി യുവതി വയോധികനിൽ നിന്നും പണം കൈപ്പറ്റി. പിന്നീട് പണം ലഭിക്കാതായതോടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. ഇതേ തുടർന്ന് വയോധികൻ തൃശൂർ വെസ്‌റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തൃശൂർ സിറ്റി എസിപിയുടെ പ്രത്യേക സ്കോഡും വെസ്‌റ്റ് പൊലീസ് ഇൻസ്പെക്‌ടർ ലാൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംയുക്തമായി യുവതിയുടെ അഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ വയോധികനിൽ നിന്നും തട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ 60 പവനിൽ അധികം സ്വർണാഭരണങ്ങളും മൂന്ന് ആഢംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും പൊലീസ് പിടികൂടി.