എറണാകുളം: വിദ്യാഭ്യാസ ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (നവംബർ 11) അവധി പ്രഖ്യാപിച്ചു. സ്‌കൂള്‍ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്‍ററി വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കുമാണ് ജില്ലാ കലക്‌ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന തരത്തില്‍ നേരത്തെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇതിനെതിരെ കലക്‌ടര്‍ രംഗത്തെത്തി. എറണാകുളം ജില്ലയിൽ മുഴുവനായും അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും, വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധിയെന്നും കലക്‌ടര്‍ വ്യക്തമാക്കിയിരുന്നു.
സ്‌കൂള്‍ കായികമേള: സമാപനസമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലോകകായികമേളയുടെ ചരിത്രത്തിലാദ്യമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം തിങ്കളാഴ്‌ച വൈകിട്ട് 4 ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതാദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായിക താരങ്ങള്‍ക്കായി നടത്തിയ ഇന്‍ക്ലൂസീവ് സ്റ്റോര്‍ട്‌സ്, ഗള്‍ഫ് മേഖലയിലെ സൂളുകളില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ ഇത്തവണത്തെ കായികമേളയുടെ പ്രത്യേകതയായിരുന്നു. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യമായാണ് ചീഫ് മിനി സ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയത്.