എറണാകുളം :ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസില്‍ പ്രതികളില്‍ ഒരാളായ കമ്പനി ഉടമ പ്രതാപൻ ഇഡി ഓഫിസില്‍ ഹാജരായി (Highrich Scam). കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്, കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതാപൻ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഓഫിസില്‍ ഹാജരായത് (Highrich Scam Accused). ഹൈറിച്ച് ഉടമകളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരോട് കീഴടങ്ങിയ ശേഷം അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്നും ജാമ്യാപേക്ഷ പരിഗണിച്ച പി എം എൽ എ കോടതി ചോദിച്ചിരുന്നു.
ഇതേ തുടര്‍ന്ന് പ്രതികളുടെ അഭിഭാഷകന്‍ ഇവര്‍ ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകുമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതാപൻ ഇഡി ഒഫിസിലെത്തിയത്. പ്രതാപന്‍റെ ഭാര്യയും കേസിലെ മറ്റൊരു പ്രതിയുമായ ശ്രീനു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിലെത്തിയില്ല.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികളുടെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. പ്രതികളുടെ പേരിലുണ്ടായിരുന്ന 203 കോടിയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. വൻ തട്ടിപ്പാണ് നടന്നതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നുമുള്ള നിലപാടായിരുന്നു അന്വേഷണസംഘം കോടതിയിലെടുത്തത്.