ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഇടിവി ഭാരതിനോട് (ETV Bharat) തിരുവനന്തപുരം :വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാനത്ത് 4 വർഷ ബിരുദ കോഴ്‌സുകൾ നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഏകീകൃത അക്കാദമിക് ടൈം ടേബിളും ഈ വർഷം മുതൽ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. 4 വർഷ ബിരുദ കോഴ്‌സുമായി ബന്ധപ്പെട്ട വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിരവധി സംശയങ്ങളുണ്ട്. വിഷയത്തില്‍ ഇടിവി ഭാരതുമായി സംസാരിക്കുകയാണ് മന്ത്രി.
- ഇതുവരെ നമ്മുടെ സര്‍വകലാശാലകളില്‍ 3 വര്‍ഷ ബിരുദവും 2 വര്‍ഷ ബിരുദാനന്തര ബിരുദവുമായിരുന്നല്ലോ. എന്നാല്‍ ഈ അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ആരംഭിക്കുന്ന 4 വര്‍ഷ ബിരുദ കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
വിദേശ രാജ്യങ്ങളിലെ പ്രമുഖങ്ങളായ മിക്ക സര്‍വകലാശാലകളിലും ഇന്ന് 4 വര്‍ഷ ബിരുദ കോഴ്‌സുകളാണാണുള്ളത്. ആഗോള വത്കരണത്തിന്‍റെ ഈ കാലത്ത് നമ്മുടെ കുട്ടികള്‍ അറിവ് തേടി രാജ്യാതിര്‍ത്തിക്കപ്പുറത്തേക്ക് പോകുന്നത് വര്‍ധിച്ച് വരുന്നത് തികച്ചും സ്വാഭാവികമാണ്. ഇപ്പോഴത്തെ മൂന്ന് വര്‍ഷ ബിരുദ യോഗ്യതയുമായി വിദേശ സര്‍വകലാശാലകളില്‍ ബിരുദാനന്തര പഠനത്തിന് പോകുമ്പോള്‍ അതിനെ ബിരുദമായി അവര്‍ അംഗീകരിക്കുന്നില്ല.
വീണ്ടും ക്രെഡിറ്റ് ആര്‍ജിച്ചാലേ അവര്‍ക്ക് ബിരുദം ലഭിച്ചതായി കണക്കാക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ നമ്മുടെ ബിരുദ കോഴ്‌സുകള്‍ക്ക് ഒരു രാജ്യാന്തര നിലവാരം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരളത്തിലും നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. സമൂലവും സമഗ്രവുമായ മാറ്റങ്ങളാണ് 4 വര്‍ഷ ബിരുദത്തിലൂടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.
അതിനര്‍ഥം ഇപ്പോഴുള്ള 3 വര്‍ഷ ബിരുദ കോഴ്‌സിനെ യാന്ത്രികമായി അടിച്ചു പരത്തി 4 വര്‍ഷത്തിലേക്ക് നീട്ടി എന്നല്ല. മറിച്ച് അതിന്‍റെ ഉള്ളടക്കത്തിലും സമീപന രീതികളിലും അധ്യയന സമ്പ്രദായത്തിലുമൊക്കെ മാറ്റം വരികയാണ്. നിലവിലെ പഠന രീതി തികച്ചും വിരസമാണ്. ഏകപക്ഷീയമായ അധ്യാപക വിശദീകരണം കുട്ടികള്‍ കേട്ടിരിക്കുകയാണ്. അതിന് വിരുദ്ധമായി വിജ്ഞാനം ഉത്പാദിപ്പിക്കാന്‍ കെല്‍പ്പുള്ളവരാക്കി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുകയാണ് ഈ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്.
- സെമസ്റ്റര്‍ സമ്പ്രദായത്തിലാണോ വാര്‍ഷിക സമ്പ്രദായത്തിലാണോ ഇത് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്?
സെമസ്റ്റര്‍ സമ്പ്രദായത്തില്‍ തന്നെയാണ് ഇത് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. കാരണം ഇന്ന് ലോകമെമ്പാടും സെമസ്റ്റര്‍ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. വാര്‍ഷിക സമ്പ്രദായം നമ്മള്‍ ഉപേക്ഷിച്ചിട്ട് തന്നെ വര്‍ഷങ്ങളായി. 4 വര്‍ഷത്തെ കോഴ്‌സില്‍ 8 സെമസ്റ്ററുകള്‍. അതില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനമവസാനിപ്പിക്കാനുള്ള ഒരു ഓപ്ഷന്‍ ഉണ്ട്.
മൂന്നു വര്‍ഷം കൊണ്ട് 133 ക്രെഡിറ്റുകള്‍ ആര്‍ജിക്കുന്ന വിദ്യാർഥിക്ക് ഇന്നത്തെ നിലയിലുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. തുടര്‍ന്ന് കൂടുതല്‍ പ്രവൃത്ത്യുന്‍മുഖമായ നിലയിലും ഗവേഷണപരമായ നിലയിലും ആഴത്തില്‍ പഠനം നടത്താന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളായിരിക്കും നാലാം വര്‍ഷം തുടരുക. അവര്‍ക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. നാലുവര്‍ഷം കൊണ്ട് 177 ക്രെഡിറ്റ് ആര്‍ജിക്കുന്ന വിദ്യാര്‍ഥിക്കാണ് ഓണേഴ്‌സ് ബിരുദം ലഭിക്കുക.
ALSO READ:4 വര്‍ഷത്തെ ബിരുദം: അപേക്ഷയും പ്രവേശനവും എപ്പോള്‍? വിശദ വിവരങ്ങള്‍ അറിയാം