കണ്ണൂർ: പിലാത്തറ മാതമംഗലം പാതയോരത്ത് നിന്ന് ഏതാണ്ട് 500 മീറ്റർ മാറിയാണ് മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പെരുങ്കളിയാട്ടം നടക്കുന്ന മുച്ചിലോട്ട് കാവുകളിൽ പ്രധാനപ്പെട്ടതാണ് മാതമംഗലം മുച്ചിലോട്ട്. 19 വർഷത്തിന് ശേഷമാണ് ഇത്തവണ ഇവിടെ പെരുങ്കളിയാട്ടം നടക്കുന്നത്.
പയ്യന്നൂർ, രാമന്തളി, ചെറുതാഴം, തൃക്കരിപ്പൂർ, വെള്ളോറ, എരമം, അതിയടം തുടങ്ങി ജില്ലയിലെ പെരുങ്കളിയാട്ടം നടക്കുന്ന കാവുകളിൽ പ്രധാനപ്പെട്ടതാണ് മാതമംഗലം. വാണിയ സമുദായത്തിന്‍റെ ആരൂഡ സ്ഥാനമാണ് മുച്ചിലോട്ട് കാവുകൾ. 2006 ജനുവരി 25, 26, 27,28 തീയതികളിലാണ് അവസാനമായി മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം നടന്നത്. 19 വർഷത്തിനിപ്പുറം അതേമാസം അതേ തിയതികളിലാണ് ഇത്തവണയും ഇവിടെ പെരുങ്കളിയാട്ടം നടക്കുന്നത് എന്നത് മറ്റൊരു അപൂർവ്വതയാണ്.
പൊന്നൂന്നനിലൂടെ പിറവി കൊണ്ട മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം: മറ്റ് മുച്ചിലോട്ട് കാവുകളിൽ നിന്ന് മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം വേറിട്ട് നിൽക്കുന്നത് പൊന്നൂന്നൻ എന്ന ഒരു മനുഷ്യന്‍റെ ജീവിതകഥയിലൂടെയാണ്. ഏതാണ്ട് 600, 700 വർഷങ്ങൾക്കു മുമ്പ്, എരമം പുറക്കുന്ന് സ്വദേശത്ത് മീത്തലെ വീട് എന്ന വാണിയ തറവാട്ടിൽ ജനിച്ച ഒരു മനുഷ്യനായിരുന്നു പൊന്നൂന്നത്രേ. ഇദ്ദേഹത്തിന്‍റെ സഹോദരിയാണ് അച്ചി എന്നാണ് ഐതിഹ്യം.
സവർണ്ണ കുടുംബങ്ങൾ മാത്രം കൊണ്ട് നടക്കുന്ന മാന്ത്രിക വേദ താന്ത്രിക കർമ്മങ്ങൾ പഠിച്ചു അവരെ വെല്ലുന്ന രീതിയിൽ പൊന്നൂന്നൻ അറിവുകളിൽ വളർന്നു. അത് സവർണ്ണ കുടുംബങ്ങളിൽ പോലും അസൂയ പടർത്തി. കോറോത്തെ തങ്ങളുടെ ആരൂഡ സ്ഥാനം സന്ദർശിച്ച വേളയിൽ തന്‍റെ നാട്ടിലും ഭഗവതിക്ക് സ്ഥാനം എന്ന സങ്കല്‍പം ഉദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊന്നൂന്നൻ കാവിനായി തന്‍റെ നാട്ടിൽ ഒരുക്കം തുടങ്ങിയത്.
എന്നാൽ പല കാരണത്താൽ അത് മാതമംഗലത്തേക്ക് മാറുകയായിരുന്നു. ഒടുവിൽ നമ്പ്യാർ നായർ കുടുംബമായ പുത്തരിക്കൽ കുടുംബം മാതമംഗലത്ത് മുച്ചിലോട്ട് കാവിനായി സ്ഥലം നൽകിയെന്നാണ് ഐതിഹ്യം. ഒടുവിൽ പൊന്നൂന്നനും സഹോദരി അച്ചിയും ഉൾപ്പെടെയുള്ള കുടുംബം മാതമംഗലത്ത് വാണിയ സമുദായത്തിന്‍റെ കുല ദേവതയായ മുച്ചിലോട്ട് ഭഗവതിയെ പ്രതിഷ്‌ഠിക്കുകയായിരുന്നു. ഇതോടെ പൊന്നൂന്നനോട് പലര്‍ക്കും ആരാധന തോന്നുകയും തൊണ്ടച്ചന്‍ എന്ന് അറിയപ്പെടുകയും ചെയ്‌തു.
അങ്ങനെ തൊണ്ടച്ചനെ ദൈവമായി സങ്കല്‍പ്പിച്ച് കൊട്ടിയാടിക്കുന്നുവെന്നാണ് വിശ്വാസം. മുച്ചിലോട്ട് ഭഗവതിയുടെ മംഗാല്യമാണ് പെരുങ്കളിയാട്ടം. അതുകൊണ്ട് തന്നെ വിവാഹ ആഘോഷങ്ങള്‍ക്ക് സമാനമാണ് പെരുങ്കളിയാട്ട ചടങ്ങുകളും. കൂവം അളക്കലോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. പറയില്‍ നെല്ല് അളന്ന് ക്ഷേത്ര സമിതിയിലെ മുതിര്‍ന്ന അംഗങ്ങളുടെ വീടുകളിലെത്തിക്കും. അവിടെ വച്ച് അരിയാക്കി പെരുങ്കളിയാട്ടത്തിന്‍റെ ആവശ്യങ്ങള്‍ക്കായി ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിക്കും. ഇതാണ് കൂവം അളക്കല്‍. ഇത് കൂടാതെ നിലംപണി, കന്നിക്കലവറ കുറ്റിയടിക്കല്‍, പാലക്ക് കുറിയിടല്‍ എന്നിങ്ങനെയാണ് മറ്റ് ചടങ്ങുകള്‍.
തൊണ്ടച്ചൻ ദൈവമെന്ന തെയ്യം എല്ലാവർഷവും തുലാം ഒന്ന് മുതൽ മാതമംഗലം മുച്ചിലോട്ട് കാവിൽ അരങ്ങിൽ എത്താറുണ്ട്. പെരുങ്കളിയാട്ട ദിവസവും പുലർച്ചെ തൊണ്ടച്ചൻ ദൈവം അരങ്ങിലെത്തും. തൊണ്ടച്ചൻ ദൈവം അരങ്ങിലെത്തുന്ന ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കൂടിയാണ് മാതമംഗലത്തേത്.
ജനുവരി 25 മുതല്‍ നാല് നാളുകള്‍ ഇനി മാതമംഗലത്തിന് ഉറക്കമില്ലാ രാത്രികളാണ്. 9 ദിനങ്ങള്‍ നീണ്ട വ്രതത്തിന് ശേഷമെത്തുന്ന തൊണ്ടച്ചന്‍ നാടിനെയും നാട്ടുകാരെയും അനുഗ്രഹിച്ച് മടങ്ങും.
Also Read: കുടകിനെ കാക്കുന്ന കൈമടകളും ബോളൂക്കയും; കാരണവന്‍മാരുടെ ഓര്‍മയ്‌ക്കായുള്ള സവിശേഷ ആചാരങ്ങൾ