പക്ഷിമൃഗാദികളെയും തളര്‍ത്തും വേനൽച്ചൂട്; കരുതാം കുടിവെള്ളം സഹജീവികള്‍ക്കും തിരുവനന്തപുരം: വേനൽകാലത്തെ നേരിടേണ്ടത് കരുതലോടെ വേണമെന്ന മുന്നറിയിപ്പാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ നല്‍കുന്നത്. താപനില ഉയരുന്നതിന് ഒരു പ്രത്യേക കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഈ വർഷം എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനഫലമായാണ് താപനില ഇത്രയേറെ ഉയർന്നു നിൽക്കുന്നതെന്നാണ് വിലയിരുത്തല്‍.
കത്തുന്ന വേനലിൽ മനുഷ്യരേക്കാൾ ദുരിതത്തിലാണ് പക്ഷി-മൃഗാദികൾ. വേനല്‍ കടുത്തതോടെ മനുഷ്യര്‍ക്കുള്ള ബുദ്ധിമുട്ടിലധികമാണ് ജീവജാലങ്ങള്‍ സഹിക്കുന്നത്. തോടുകളും കുളങ്ങളും ചെറു അരുവികളും വറ്റിവരണ്ടതോടെ പക്ഷിമൃഗാദികള്‍ കുടിവെള്ളത്തിനായി പരക്കംപായുകയാണ് (State Disaster Management Authority).
ചെറുപക്ഷികള്‍ ചത്തുവീഴുന്ന ദയനീയ അവസ്ഥയിലേക്ക് ചൂട് കൂടുകയാണ്. ഇവയ്ക്ക് അപകടകരമായ വിധം സൂര്യാതപം ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൃഗങ്ങൾ ചത്തു പോകാനും സാധ്യതയുണ്ട്. പശു, എരുമ, പട്ടി, കോഴി, താറാവ് തുടങ്ങിയവയ്ക്ക് ചൂട് കനത്ത വെല്ലുവിളി തന്നെയാണ് ഉണ്ടാക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റായ ഫഹദ് മർസൂക്ക് ഇടിവി ഭാരതിനോട്. പക്ഷി-മൃഗാദികളെ എങ്ങനെ സംരക്ഷിക്കാം..
മുൻകരുതലുകൾ
- വെയിലത്ത് കെട്ടരുത്.
- വെള്ളം കൂടുതൽ കൊടുക്കുക.
- ഫാൻ ഉപയോഗിച്ചു ശുദ്ധവായു ക്രമീകരിക്കാം.
- നിർജലീകരണം ഒഴിവാക്കുന്ന ഭക്ഷണക്രമം പാലിക്കുക.
- രാവിലെ 11 മുൻപും വൈകിട്ട് നാലിനു ശേഷവും മാത്രം പുറത്തിറക്കുക.
- വെള്ളം തെറിപ്പിക്കുന്ന ചെറിയ സ്പ്രിങ്ങളുകൾ കൂടുകളിലും തൊഴുത്തിലും വയ്ക്കാം.
- തൊഴുത്ത്, കൂട് എന്നിവയിൽ ചാക്കുകൾ കെട്ടിത്തൂക്കി നനച്ചു കൊടുക്കുക. ഇതു മൃഗങ്ങൾക്കും അവ നിൽക്കുന്ന സ്ഥലത്തിനും തണുപ്പു നൽകാൻ സഹായിക്കും
- മൃഗങ്ങളുടെ ദേഹത്തു നേരിട്ട് വെള്ളമൊഴിക്കരുത്. ചൂടുകാലത്ത് നേരിട്ടു വെള്ളമൊഴിക്കുന്നതു ന്യൂമോണിയ പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കും.
- മൃഗങ്ങളുടെ ശാരീരിക ശുചിത്വം ഉറപ്പു വരുത്തുക. അവയുടെ മേൽ ചെള്ള് തുടങ്ങിയ പരാദ ജീവികൾ വളരാതെ നോക്കുക.
- പക്ഷികള്‍ക്കായി ചെറു പാത്രങ്ങളില്‍ ജലം കരുതിവെക്കാം. അവ വരാന്‍ സാധ്യതയുള്ളിടങ്ങളില്‍ ഇവ വെക്കാന്‍ ശ്രദ്ധിക്കുക.