എറണാകുളം:ശബരിമലയിലെ പുതിയ ഭസ്‌മക്കുളത്തിൻ്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രണ്ടാഴ്‌ചത്തേക്കാണ് ഇടക്കാല സ്റ്റേ ഉത്തരവ്. ശബരിമലയിലെ കാര്യങ്ങളിൽ ദേവസ്വം ബോർഡും പ്രസിഡൻ്റും ചേർന്ന് തീരുമാനമെടുത്താൽ പോരെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
ശബരിമലയിലെ പുതിയ ഭസ്‌മക്കുളത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും ദേവസ്വം ബോർഡ് ആരംഭിച്ചത് ഉന്നതാധികാര സമിതിയെ അറിയിക്കാതെയാണെന്ന് വിമർശിച്ചു കൊണ്ടാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്. പുതിയ ഭസ്‌മക്കുളത്തിൻ്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് രണ്ടാഴ്‌ചത്തേക്കാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെ വിലക്ക്.
സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. ശബരിമലയിലെ കാര്യങ്ങളിൽ ദേവസ്വം ബോർഡും പ്രസിഡൻ്റും ചേർന്ന് തീരുമാനമെടുത്താൽ പോരാ, കുളത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉന്നതാധികാര സമിതിയെ അറിയിച്ചിട്ടില്ല , അത് ശരിയായ പ്രവണതയല്ലായെന്നും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു.
യഥാര്‍ഥ ഭസ്‌മക്കുളം മറ്റൊരിടത്തല്ലേയെന്നും ചോദിച്ച കോടതി, ആ സ്ഥലത്തെ നിലവിലെ അവസ്ഥയെന്തെന്നും ആരാഞ്ഞിട്ടുണ്ട്.