എറണാകുളം: ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി വന്നിട്ടും അത് നടപ്പിലാക്കാൻ സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. സർക്കാരിന്‍റെ കഴിവുകേടാണിതെന്നും, യാക്കോബായ വിഭാഗത്തെ സമാധാനിപ്പിച്ചു നിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് എത്ര കാലം പറയുമെന്ന് സർക്കാരിനോടാരാഞ്ഞ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ, ഇന്ത്യൻ ഭരണഘടനയാണ് പ്രധാനമെന്നും ജില്ലാ കളക്‌ടറാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്നും ഓർമ്മപ്പെടുത്തി.
പള്ളിത്തർക്കത്തിൽ രണ്ട് ആഴ്‌ച്ചയ്ക്കുള്ളിൽ വിധി നടപ്പാക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ സർക്കാർ സൗഹാർദപരമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കോടതിയെ അറിയിച്ചു. സ്‌ത്രീകളും കുട്ടികളും ഉണ്ടായേക്കുമെന്നതിനാൽ അനാവശ്യ ബലപ്രയോഗം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കിയതിന്‍റെ നടപടി റിപ്പോർട്ട് രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ സമർപിക്കാൻ സർക്കാരിന് നിർദേശം നൽകിയ സിംഗിൾ ബഞ്ച്, ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ വീണ്ടും പരിഗണിക്കാനായി മാറ്റി.
ALSO READ:സമരം പ്രഖ്യാപിച്ച് ലോറി ഉടമകളും കരാറുകാരും; സംസ്ഥാനത്തെ റേഷൻ വിതരണം സ്‌തംഭനാവസ്ഥയിലേക്ക്