എറണാകുളം: സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് സർക്കാരിനോട് ഹൈക്കോടതി. നീക്കിയിരുപ്പ് തുകയിൽ മുൻ ആവശ്യങ്ങൾക്ക് മാറ്റി വച്ച ഫണ്ട്, ഭാവി ആവശ്യങ്ങൾക്ക് അധിക സഹായം വേണമെന്നതിലടക്കം ക്യത്യമായ കണക്കുകൾ നൽകണം. കേന്ദ്രം തുറന്ന മനസോടെ കേരളത്തെ സഹായിക്കണമെന്നും കോടതി പറഞ്ഞു.
ഡിസംബർ പത്ത് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നീക്കിയിരുപ്പായി ഉള്ളത് 700 കോടിയെന്നാണ് സർക്കാരിന്‍റെ സത്യവാങ്മൂലം. എന്നാൽ ഈ 700 കോടിയിൽ 638 കോടി രൂപയും സർക്കാരിന്‍റെ മുൻ ഉത്തരവുകൾ പ്രകാരം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ മാറ്റി വച്ചിരിക്കുകയാണ്.
ചുരുക്കത്തിൽ 61.53 കോടി മാത്രമാണ് നിലവിലൊരു അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാനായിട്ടുള്ളതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ ഈ കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കൈവശം തുകയുണ്ട്, പക്ഷെ ഭാവി നോക്കി ചെലവഴിക്കാൻ കഴിയില്ല എന്ന് പറഞ്ഞാൽ ആരും പണം തരാൻ പോകുന്നില്ലെന്നും പരിഹാസ രൂപേണ കോടതി വിമർശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ മുൻ ആവശ്യങ്ങൾക്ക് മാറ്റി വച്ച പണത്തിന്‍റെ ക്രോഡീകരിച്ച കണക്ക്, വയനാടിനായി അധിക സഹായം എത്രവേണം എന്ന കാര്യങ്ങളിലടക്കം വ്യക്തത വരുത്തണം. കൂടാതെ കേന്ദ്രത്തിനു കൂടി വിശ്വാസ യോഗ്യമായ ഏജൻസിയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും ഹൈക്കോടതി നിർദേശിച്ചു.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 18 ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിക്കൊണ്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും ഡിവിഷൻ ബഞ്ച് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥത വഹിക്കുകയാണ് ഉദ്ദേശമെന്നും കോടതി ചൂണ്ടിക്കാട്ടി.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഡിസംബർ 11 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി വന്നുവെന്നും എന്നാലിത് മാത്രം പോരാ പുനരധിവാസത്തിനെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7.65 കോടി സർക്കാർ ചെലവഴിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Also Read:ഇന്ത്യയ്‌ക്ക് ഇത് അഭിമാന നിമിഷം; ലോകം കീഴടക്കി ഗുകേഷ്, ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം