എറണാകുളം :ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്കത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. ഒരു അവസരം കൂടി നൽകുമെന്നും എന്നിട്ടും സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു.
ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്ക വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കൃത്യമായ കർമ പദ്ധതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്. എല്ലാദിവസവും പള്ളികളുടെ ഗേറ്റിലേക്ക് പോയി വെറുതേ മടങ്ങിവരാനാവില്ലെന്നും കോടതി ഓർമിപ്പിച്ചു.
ഒരു അവസരം കൂടി സർക്കാരിന് ഇക്കാര്യത്തിൽ നൽകും. അതിനു ശേഷവും സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് വി ജി അരുൺ മുന്നറിയിപ്പ് നൽകി. സുപ്രീം കോടതി ഉത്തരവനുസരിച്ച് ആറു പളളികൾ ഏറ്റെടുത്ത് കൈമാറാത്തതിനെതിരെ ഓർത്തഡോക്‌സ് സഭ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികളാണ് സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയിൽ ഉളളത്.
പളളികൾ ഏറ്റെടുക്കാൻ ശ്രമിച്ചെന്നും സ്ത്രീകളും കുട്ടികളുമടക്കമുളളവർ പ്രതിഷേധവുമായെത്തിയതിനാൽ പൊലീസ് പിൻവാങ്ങിയെന്നും സർക്കാർ അറിയിച്ചിരുന്നു. അതേ സമയം സർക്കാരും പൊലീസും ഒത്തു കളിക്കുകയാണെന്ന് ഓർത്തഡോക്‌സ് സഭ ആരോപിച്ചു. ഈ മാസം 25 ന് മുൻപ് നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ഹർജികൾ വീണ്ടും പരിഗണിക്കാനായി മാറ്റി.
Also Read:സഭയുടെ അസ്‌തിവാരം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല, ചർച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷൻ