കേരളം

kerala

ETV Bharat / state

മുകേഷിന്‍റെ കാര്യത്തില്‍ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത നിലയില്‍ സിപിഎം; ഭാവി തീരുമാനിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തുടര്‍നടപടി - Allegation Against Mukesh - ALLEGATION AGAINST MUKESH

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുകേഷിനെ തള്ളാനും കൊള്ളാനുമാകാത്ത സിപിഎം. എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ട്ടി കൈക്കൊണ്ടിട്ടില്ല. മുകേഷിന്‍റെ രാജിയാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കോണ്‍ഗ്രസും മഹിള കോണ്‍ഗ്രസും ഇതിനകം മാര്‍ച്ച് സംഘടിപ്പിച്ചു.

HEMA COMMITTEE REPORT  ACTOR MUKESH  ഹേമ കമ്മിറ്റി റിപ്പോർട്ട്  CRISIS IN CPM
Mukesh (ETV Bharat)

By ETV Bharat Kerala Team

Published : Aug 28, 2024, 6:32 PM IST

തിരുവനന്തപുരം:സിനമ രംഗത്തെ അഭിനേതാവ് എന്നതിനപ്പുറം സ്വന്തം എംഎല്‍എ ലൈംഗിക അപവാദങ്ങളില്‍ പെട്ടെതിനെ തള്ളാനും കൊള്ളാനുമാകാത്ത ആഴമേറിയ പ്രതിസന്ധിയിലാണ് സംസ്ഥാന സിപിഎം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ കൊല്ലം നിയോജക മണ്ഡലത്തിലെ സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെതിരെ ഉയര്‍ത്തിയത്. കൂടുതല്‍ പേര്‍ പുറത്ത് വരുമോ എന്ന അങ്കലാപ്പും സിപിഎം നേതൃത്വത്തിനുണ്ട്.

പ്രസ്‌തുത സാഹചര്യത്തില്‍ മുകേഷിനെ രക്ഷിക്കാനോ തള്ളിപ്പറയാനോ വഴി കാണാതെ ഇരുട്ടില്‍ തപ്പുകയാണ് സിപിഎം. മുകേഷിന്‍റെ രാജിയാവശ്യപ്പെട്ട് കൊല്ലത്തെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കോണ്‍ഗ്രസും മഹിള കോണ്‍ഗ്രസും ഇതിനകം മാര്‍ച്ച് സംഘടിപ്പിച്ചു. കിട്ടിയ അവസരം രാഷ്ട്രീയമായി മുകേഷിനെതിരെ ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന് വ്യക്തം. തല്‍ക്കാലം എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും പാര്‍ട്ടി കൈക്കൊണ്ടിട്ടില്ല.

മുഖം രക്ഷിക്കുന്നതിന്‍റെ ഭാഗമായി സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാന്‍ സിപിഎം ചലച്ചിത്ര അക്കാദമിക്ക് നിര്‍ദേശം നല്‍കിയെങ്കിലും അതുകൊണ്ട് പ്രശ്‌നം അവസാനിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍റെ വിജയക്കുതിപ്പ് തടയാന്‍ പാര്‍ട്ടി തികച്ചും അനുയോജ്യനായി കണ്ടെത്തിയതും സിറ്റിങ് എംഎല്‍എ കൂടിയായ മുകേഷിനെയായിരുന്നു. പക്ഷേ ദയനീയ തോല്‍വിയായിരുന്നു ഫലം.

ജില്ലയിലെ പൊതുജനങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും തീര്‍ത്തും അപ്രാപ്യനാണ് മുകേഷ് എന്നൊരു പരാതി പൊതുവേ ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. മുകേഷിന്‍റെ ദയനീയ തോല്‍വിക്കുള്ള പ്രധാന കാരണണങ്ങളിലൊന്ന് ഇതാണെന്ന അഭിപ്രായം തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.

സിപിഎം കൊല്ലം ജില്ല കമ്മിറ്റിക്ക് വഴിപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ലെന്നൊരു പരാതിയും ദീര്‍ഘകാലമായി മുകേഷിനെതിരെയുണ്ട്. മാത്രമല്ല, മുകേഷ് ഉള്‍പ്പെടെയുള്ള നാല് നടന്‍മാര്‍ക്കെതിരെ ലൈംഗിക ആരോപണ പരാതി ഉന്നയിച്ച മിനു മുനീര്‍ എന്ന സിനിമാ താരത്തില്‍ നിന്ന് ഇന്ന് (ഓഗസ്‌റ്റ് 28) വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. ഇക്കാര്യത്തില്‍ തുടര്‍നടപടി ഉണ്ടാകുമോ എന്ന ഭയം സിപിഎമ്മിനുണ്ട്.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റമുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌ത് കഴിഞ്ഞു. മുന്‍കൂര്‍ ജാമ്യം അല്ലെങ്കില്‍ അറസ്‌റ്റ് മാത്രമാണ് ഇനി സിദ്ദിഖിന് മുന്നിലുള്ളത്.

മുകേഷിന്‍റെ കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസറ്റര്‍ ചെയ്‌താല്‍ പിന്നെ മുകേഷിന് പിടിച്ച് നില്‍ക്കാനാകില്ല. സിപിഎമ്മിനാകട്ടെ മുകേഷിനെ രക്ഷിക്കാനുമാകില്ല. പിന്നെ സ്വാഭാവികമായും മുകേഷിന് വഴി തെളിയുക പുറത്തേക്കാകും.

Also Read:തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ മുകേഷ് ശിക്ഷ വാങ്ങിയേ മതിയാകൂ; സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും മാറേണ്ടി വരുമെന്നും രമേശ്‌ ചെന്നിത്തല

ABOUT THE AUTHOR

...view details