കണ്ണൂർ: തകരാർ വന്നാൽ ഹെൽമറ്റ് നന്നാക്കാറുണ്ടോ, ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് തലശ്ശേരിയിലെ താമസക്കാരനായ അജ്‌മൽ. ഇരുചക്ര വാഹന യാത്രക്കാരുടെ പ്രധാന സുരക്ഷ ഉപകരണമായ ഹെൽമറ്റിന് വല്ല കേടുപാടും വന്നാൽ ഇനി സ്വയം അറ്റ കുറ്റ പണി വേണ്ട. ഹെൽമറ്റിന്‍റെ കേടുപാടുകൾ തീർക്കാൻ കണ്ണൂരിലെ പാതയോരത്തു ഒരു കുട നിവർത്തി അജ്‌മൽ ഉണ്ട്.
പ്ലസ് ടു കഴിഞ്ഞശേഷം ഹെൽമറ്റ് റിപ്പയറിങ് തൊഴിലാക്കിയ 23 കാരൻ ഇപ്പോൾ ഈ രംഗത്തെ തിരക്കേറിയ ആളാണ്. അപൂർവ്വം ടെക്‌നീഷ്യന്മാരിൽ ഒരാളും. എറണാകുളത്തും കോഴിക്കോടും തലശ്ശേരിയിലും സേവനം ചെയ്‌ത അജ്‌മൽ ഇപ്പോൾ കണ്ണൂരിലാണ്.
ജില്ല ആശുപത്രി റോഡിൽ ഫയർ സ്റ്റേഷന് സമീപം എത്തിയാൽ അജ്‌മലിന്‍റെ സേവനം സ്വീകരിച്ചു മടങ്ങാം.
നിലമ്പൂർ വഴിക്കടവ് സ്വദേശിയായ അജ്‌മൽ പ്ലസ് ടു ജയിച്ച ശേഷമാണ് ഹെൽമെറ്റ് റിപ്പയറിങ് രംഗത്തേക്ക് ഇറങ്ങിയത്. വളാഞ്ചേരികാരനായ ബന്ധുവിൽ നിന്നാണ് ജോലിയുടെ ആദ്യ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. നേരത്തെ നിർമ്മാണ- വെൽഡിങ് തൊഴിലാളിയായ അജ്‌മൽ പോളിടെക്‌നിക്കിൽ ഒന്നും പഠിച്ചിട്ടില്ലെങ്കിലും ഹെൽമറ്റിന്‍റെ പ്രധാന ഭാഗങ്ങളുടെ പ്രവർത്തനം അജ്‌മലിന് കൃത്യമായി അറിയാം.